രാജ്യത്തിന്‍റെ സാമ്പത്തിക, സാങ്കേതിക, സാമൂഹിക മേഖലയിലെ വളർച്ചക്ക് നിർണ്ണായക പങ്കുവഹിച്ചു എന്ന് പറയുന്നത് വെറുതെ അല്ല, ഇന്ത്യയുടെ പ്രധാന ശക്തികേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്ന ആരോഗ്യം, വിദ്യാഭ്യാസം എന്നീ നിലകളിൽ വിവിധ തരം പദ്ധതികൾ കൊണ്ട് വന്ന് വിജയിപ്പിച്ച ജന നേതാവാണ് മൻമോഹൻ ജി. അദ്ദേഹം നടപ്പിലാക്കിയ പല പദ്ധതികളും രാജ്യത്തിന്‍റെ ഭാവിയെ മാറ്റി കെട്ടി. ഇന്ത്യയുടെ 14-ാമത് പ്രധാനമന്ത്രിയായ ഡോ. മൻമോഹൻ സിംഗ് ഒരു പതിറ്റാണ്ടിന്‍റെ അത്ഭുത പൂർവമായ വളർച്ചയുടെയും വികാസത്തിന്‍റെയും അധ്യക്ഷനായിരുന്നു.
വിപ്ലവകരമായ വിവരാവകാശ നിയമം, ലോകായുക്ത ആക്ട്,ആറ് മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കി കൊണ്ടുള്ള നിയമം,ഭക്ഷ്യ സുരക്ഷാ നിയമം, തെരുവ് കച്ചവടക്കാർക്ക് സംരക്ഷണം ഉറപ്പാക്കുന്ന നിയമം, ഇന്ത്യൻ കമ്പനീസ് ആക്ട്, ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്റ്റ് തുടങ്ങി ഈയൊരു ലിസ്റ്റ് നീളുന്നു. എല്ലാം തന്നെ അതിന്‍റെ ഏറ്റവും പൂർണതയിലാണ് ഫലം കണ്ടിരിക്കുന്നത്. ഇന്നും ഇന്ത്യൻ നിയമസംഹിതയിൽ തുടർന്ന് പോകുന്നതും അദ്ദേഹം കൊണ്ട് വന്ന നിയമങ്ങൾ തന്നെയാണ്. അതിനാൽ സാമ്പത്തിക ശാസ്ത്രജ്ഞൻ എന്നതിനപ്പുറം അദ്ദേഹം ഇന്ത്യൻ ജനതയുടെ വഴി മാറ്റത്തിന്‍റെ പിതാവ് കൂടിയാണ് എന്ന് പറയാം.
മൻമോഹൻ സിങ് ധനമന്ത്രിയായിരുന്നപ്പോൾ ഇന്ത്യ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുക, വ്യാപാരനിയന്ത്രണങ്ങൾ കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് രൂപീകരിച്ച അദ്ദേഹത്തിന്‍രെ എല്‍പിജി നയങ്ങൾ ഇന്നും ശ്രെദ്ധേയമാണ്. ഗ്രാമീണ ഇന്ത്യയിൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് പാവപ്പെട്ട വിഭാഗങ്ങൾക്ക് സാമ്പത്തിക സുരക്ഷ നൽകുവാനായി നടപ്പിലാക്കിയ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇന്നും സ്ത്രീശാക്തീകരണത്തിന് ഏറ്റവും വലിയ മുതൽക്കൂട്ടാണ്. ബാലവിവാഹം, ബാലവേല തുടങ്ങിയ സമ്പ്രദായങ്ങൾ കൊടുംമ്പിരികൊണ്ടിരുന്നപ്പോഴാണ് ഓരോ കുട്ടിക്കും അടിസ്ഥാന വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സർവ ശിക്ഷ അഭിയാൻ നടപ്പിലാക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ റോഡുകളും ജലസേചന സൗകര്യങ്ങളും മെച്ചപ്പെടുത്തികൊണ്ട് വിവിധ തരം പദ്ധതികൾ കൊണ്ട് വന്നപ്പോൾ മറ്റൊരു വശത്ത് ഐ.ടി മേഖലയിൽ “ഇന്ത്യാ ഡിജിറ്റൽ വിപ്ലവത്തിന്” തുടക്കം കുറിച്ചു. അതോടെ ഇന്ത്യ ബഹിരാകാശ ഗവേഷണത്തിൽ ആഗോള തലത്തിൽ മുൻനിര രാജ്യമായി.
രാജ്യത്തിന്‍റെ സാമ്പത്തികവളർച്ചയെ പ്രാപ്തമാക്കുന്നതിൽ നാഴികകല്ലുകൾ ആയ നിരവധി പദ്ധതികളും നയങ്ങളും അദ്ദേഹം നടപ്പിലാക്കി. ഇപ്പോഴത്തെ ഇന്ത്യയുടെ ആധുനികരൂപത്തിന് അടിസ്ഥാനം കുറിച്ച പദ്ധതികളാണ് ഇവയെല്ലാം.