‘തെറ്റായ വിവരങ്ങൾ പ്രധാനമന്ത്രി പുറത്തുവിടരുത്, ഇത് നയതന്ത്ര ബന്ധത്തെ ദുർബലമാക്കും’ : അതിർത്തി തർക്കത്തിൽ മോദിക്കെതിരെ രൂക്ഷവിമർശനവുമായി ഡോ.മൻമോഹൻ സിംഗ്‌

Jaihind News Bureau
Monday, June 22, 2020

തെറ്റിദ്ധാരണ പരത്തുന്ന പ്രസ്‌താവനകൾ നയതന്ത്ര ബന്ധത്തെ ദുർബലമാക്കും എന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്.  നുണ പ്രചാരണങ്ങൾ വഴി സത്യത്തെ അടിച്ചമർത്താൻ കഴിയില്ല. അതിർത്തി തർക്ക വിഷയത്തിൽ രാജ്യം ഒറ്റക്കെട്ടായി മുന്നോട്ട് പോകണം.  രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത സൈനികരുടെ ധീരത വെറുതെ ആകരുത് എന്നും മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് പറഞ്ഞു.

ഇന്ത്യ ചൈന അതിർത്തി വിഷയത്തിൽ പ്രധാനമന്ത്രി ഉൾപ്പെടെ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന വിമർശനം ഉയരുന്നതിന് പിന്നാലെയാണ് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്‍റെ പ്രതികരണം. പ്രധാനമന്ത്രി വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിൽ നിർണായകമായ ചുമതല പ്രധാനമന്ത്രിയുടെ ഓഫീസിന് ഉണ്ട്. ഇന്ത്യ ചൈന വിഷയത്തിൽ രാജ്യം നിൽക്കുന്നത് നിർണായകഘട്ടത്തിലാണ്. സാഹചര്യത്തെ അഭിമുഖീകരിക്കാനും സങ്കീർണമാകുന്നത് തടയാനും സർക്കാരിന്‍റെ എല്ലാ വിഭാഗങ്ങളും പരസ്പര സമ്മതത്തോടെ പ്രവർത്തിക്കണം. അതിനാൽ വാക്കുകളിലും പ്രഖ്യാപനങ്ങളിലും പ്രധാനമന്ത്രി ശ്രദ്ധാലു ആകണം എന്ന് ഡോ. മൻമോഹൻ സിങ് പറഞ്ഞു. ഉറച്ച തീരുമാനങ്ങളും നയതന്ത്രങ്ങളുമാണ് ഇപ്പോൾ ആവശ്യം. തെറ്റായ വിവരങ്ങൾ പുറത്തു വിടരുത്. പ്രധാനമന്ത്രിയുടെ വാക്കുകൾ ശത്രുക്കൾ ഉപയോഗിക്കാൻ ഇടയാക്കരുത്. സർക്കാർ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അവസരത്തിനൊത്ത് ഉയരണം. നിലവിൽ സർക്കാർ എടുക്കുന്ന തീരുമാനങ്ങളും നടപടികളും ഭാവിതലമുറയെ എങ്ങനെ വിലയിരുത്താം എന്ന് തീരുമാനിക്കും. രാജ്യത്തിന് നഷ്ടമായത് ധീരരായ സൈനികരെയാണ്.

രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത സൈനികരുടെ ധീരത വെറുതെ ആകരുത് എന്നും ഡോ. മൻമോഹൻ സിംഗ് പറഞ്ഞു.