മന്‍മോഹന്‍ സിംഗ് എന്നും യുവാക്കളുടെ ഹീറോ, 27 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി; മല്ലികാർജുന്‍ ഖാർഗെ

 

ന്യൂഡല്‍ഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് രാജ്യസഭയിൽ നിന്ന് വിരമിച്ചു. മൂന്നു ദശാബ്ദം നീണ്ട പാർലമെന്‍ററി ജീവിതത്തിനാണ് അവസാനമായത്. അഴിമതിക്കറ പുരളാത്ത പാർലമെന്‍റേറിയനായിരുന്നു ഡോ. മൻമോഹൻ സിംഗ്.
മൻമോഹൻ എന്നും യുവാക്കളുടെ ഹീറോയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. മൻമോഹൻ സിംഗിന്‍റെ മൂന്ന് പതിറ്റാണ്ട് നീണ്ട പാർലമെന്‍ററി ജീവിതം അവസാനിക്കെ എഴുതിയ കത്തിലാണ് ഖാർഗെ ഇക്കാര്യം പറഞ്ഞത്

ഒരു യുഗത്തിന്‍റെ അവസാനം എന്നാണ് മൻമോഹൻ സിംഗിന്‍റെ വിരമിക്കലിനെ ഖാർഗെ വിലയിരുത്തിയത്. മുൻ പ്രധാനമന്ത്രി മധ്യവർഗത്തിനും യുവാക്കൾക്കും ഒരു ‘ഹീറോ’ ആയി തുടരുമെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു. സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമ്പോഴും നമ്മുടെ രാജ്യത്തെ പൗരന്മാരുടെ ശബ്ദമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. താങ്കളെക്കാൾ കൂടുതൽ അർപ്പണബോധത്തോടെയും നമ്മുടെ രാജ്യത്തെ സേവിച്ചെന്ന് പറയാൻ വളരെ കുറച്ച് ആളുകൾക്ക് മാത്രമേ കഴിയൂ. വളരെ കുറച്ച് ആളുകൾ മാത്രമേ രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി താങ്കളെപോലെ നേട്ടങ്ങൾ നേടിയിട്ടുള്ളൂ. മൻമോഹൻ സിംഗ് എല്ലായ്‌പ്പോഴും മധ്യവർഗത്തിനും യുവാക്കൾക്കും ഒരു ‘ഹീറോ’ ആയി തുടരും. വ്യവസായികൾക്കും സംരംഭകർക്കും നേതാവും വഴികാട്ടിയുമായി പ്രവർത്തിക്കുമെന്നും ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടി.

‘വൻകിട വ്യവസായികള്‍, യുവസംരംഭകർ, ചെറുകിട വ്യവസായികൾ, ശമ്പളക്കാരൻ, ദരിദ്രർ എന്നിവർക്ക് ഒരുപോലെ പ്രയോജനകരമായ സാമ്പത്തിക നയങ്ങൾ പിന്തുടരാൻ കഴിയുമെന്ന് താങ്കൾ കാട്ടിത്തന്നു. പ്രധാനമന്ത്രിയായിരിക്കെ ഏറ്റവും കൂടുതൽ ദരിദ്രരായ 27 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ ഇന്ത്യക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
പാർലമെന്‍റിന് താങ്കളുടെ ജ്ഞാനവും അനുഭവവും നഷ്ടമാകും. താങ്കളുടെ അന്തസുള്ളതും മൃദുവായതും എന്നാൽ രാഷ്ട്രതന്ത്രജ്ഞനെപ്പോലെയുള്ളതുമായ വാക്കുകൾ ചില രാഷ്ട്രീയ നേതാക്കളുടെ നുണകൾ നിറഞ്ഞ ഉച്ചത്തിലുള്ള ശബ്ദത്തിന് വിപരീതമാണ്. മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിനൊപ്പം താങ്കൾ സ്ഥാപിച്ച അടിത്തറയിലാണ് ഇന്ന് സാമ്പത്തിക അഭിവൃദ്ധിയും സുസ്ഥിരതയും ഇന്ത്യയിൽ നിലനിൽക്കുന്നതെന്നും ഖാർഗെ പറഞ്ഞു.

മൻമോഹൻസിംഗ് സർക്കാർ നടപ്പാക്കിയ ചെറിയ പരിഷ്‌കാരങ്ങൾ പോലും ഭാവി ഇന്ത്യക്ക് ചൂണ്ടുപലകയായി മാറി.
സീറോ ബാലൻസ് അക്കൗണ്ടുകൾ സൃഷ്ടിച്ച് വ്യക്തിഗത ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നേരിട്ട് കൈമാറ്റം ചെയ്യുന്നതിനും ആധാറിലൂടെ ഗുണഭോക്താവിന്‍റെ തിരിച്ചറിയൽ ഉറപ്പാക്കുന്നതിനുമായി സർക്കാർ ആരംഭിച്ച പ്രവർത്തനങ്ങൾ മഹത്തരമാണ്. മൻമോഹൻ മന്ത്രിസഭയുടെ ഭാഗമാകാൻ കഴിഞ്ഞത് അഭിമാനമാണെന്നും മല്ലികാർജുൻ ഖാർഗെ എഴുതിയ കത്തിൽ പറയുന്നു. മൻമോഹൻ സിംഗ് രാജ്യസഭയിൽ 33 വർഷമാണ് എംപിയായി മികച്ച സേവനം അനുഷ്ഠിച്ചത്.

Comments (0)
Add Comment