കോഴിക്കോട് : പകർച്ചവ്യാധി സാധ്യത നിലനിൽക്കുമ്പോഴും മലിനജലം ഒഴുകുന്ന കോഴിക്കോട് മാങ്കുനി തോട് വൃത്തിയാക്കാതെ കോഴിക്കോട് കോര്പ്പറേഷൻ. വർഷങ്ങളായി തുടർച്ചയായി പരാതി നൽകിയിട്ടും സി.പി.എം ഭരിക്കുന്ന കോഴിക്കോട് കോര്പ്പറേഷൻ ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല എന്നാണ് പ്രദേശത്തുകാർ ആരോപിക്കുന്നത്.
മാങ്കുനി തോടിന്റെ ഇരുകരയിലും താമസിക്കുന്ന അഞ്ഞൂറോളം കുടുംബാംഗങ്ങളുടെ ആശങ്കയാണിത്. കറുത്ത് ദുർഗന്ധം വമിക്കുന്ന തോടിന്റെ പരിസരത്ത് താമസിക്കുന്ന ഗർഭിണികളും കുട്ടികളും ഉൾപ്പെടെയുള്ളവർ പലവിധ രോഗങ്ങളാൽ ദുരിതമനുഭവിക്കുകയാണ്. വീട്ടിലിരിക്കാനോ ഒരു നേരം ഭക്ഷണം കഴിക്കാനോ കഴിയാത്ത അവസ്ഥ. ആക്ഷൻ കമ്മിറ്റി രൂപികരിച്ച് പരാതി നൽകാൻ തുടങ്ങിയിട്ട് 4 വർഷമായി. കോര്പ്പറേൻ ആരോഗ്യവകുപ്പിന് ദുരിതം നേരിട്ട് ബോധ്യപ്പെട്ടിട്ടും നടപടിയില്ല.
സ്വകാര്യ കമ്പനിയിൽ നിന്നും ഒഴുക്കി വിടുന്ന മാലിന്യം തടയുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയാറായിട്ടില്ല. ഇനി എത്ര നാൾ ഈ ദുരിതവും പേറി ജീവിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.