മഞ്ചേശ്വരത്തെ മികച്ച പോളിംഗില്‍ പ്രതീക്ഷയർപ്പിച്ച് മുന്നണികള്‍; യു.ഡി.എഫ് ശക്തികേന്ദ്രങ്ങളില്‍ മികച്ച പോളിംഗ്

മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ മികച്ച പോളിംഗിൽ പ്രതീക്ഷയർപ്പിച്ച് മുന്നണികൾ. മഞ്ചേശ്വരത്തെ ഉയർന്ന പോളിംഗ് ഗുണം ചെയ്യുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. 75.82 ശതമാനമാണ് മഞ്ചേശ്വരത്തെ പോളിംഗ്.

മഞ്ചേശ്വരം നിയോജക മണ്ഡലത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ വോട്ടിംഗ് ശതമാനം കുറയുമോ എന്നായിരുന്നു യു.ഡി.എഫ് ഉൾപ്പടെയുള്ള മുന്നണികളുടെ ആശങ്ക. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് സമാനമായ വോട്ടിംഗാണ് മഞ്ചേശ്വരത്ത് നടന്നത്. 75 .82 ശതമാനം വോട്ടർമാർ വോട്ട് രേഖപ്പെടുത്തി.

75,398 പുരുഷൻമാരും 86,487 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. ഇതുവരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ ഉയർന്ന പോളിംഗ് 1987 ലായിരുന്നു. 77. 76 ശതമാനം. ഏറ്റവും കുറവ് 1965 ലും. 65.84 ആയിരുന്നു അന്നത്തെ പോളിംഗ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 76.33 ശതമാനമായിരുന്നു പോളിംഗ് നിരക്ക്. ചിട്ടയായ പ്രവർത്തനമാണ് മികച്ച വോട്ടെടുപ്പിന് കാരണമായി രാഷ്ട്രീയ പാർട്ടി നേതാക്കൾ പറയുന്നത്. യു.ഡി.എഫ് ആകട്ടെ സമീപകാലത്ത് കാസർഗോഡ് ജില്ല ദർശിച്ച മികച്ച പ്രവർത്തനമാണ് മഞ്ചേശ്വരത്ത് നടത്തിയത്.

ഉയർന്ന പോളിംഗ് ശതമാനം യു.ഡി.എഫിന് ഗുണം ചെയ്യുമെന്നാണ് പൊതുവേയുളള വിലയിരുത്തൽ. മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. യു.ഡി.എഫിന്‍റെ ശക്തികേന്ദ്രങ്ങളായ മഞ്ചേശ്വരം, മംഗൽപ്പാടി, കുമ്പള, പഞ്ചായത്തുകളിൽ മികച്ച വോട്ടെടുപ്പ് നടന്നത് യു.ഡി.എഫിന് ആത്മവിശ്വാസം നൽകുന്നു.

bye electionManjeswarUDFndaLDF
Comments (0)
Add Comment