വയനാട്ടുകാരുടെ പ്രിയപ്പെട്ട കാട്ടാന; മണിയന്‍ ചരിഞ്ഞു

Jaihind News Bureau
Saturday, September 7, 2019

മണിയൻ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന വയനാട്ടുകാരുടെ പ്രിയപ്പെട്ട കാട്ടു കൊമ്പൻ ചരിഞ്ഞു. കഴിഞ്ഞ രാത്രിയിൽ കാട്ടിൽ വച്ച് മറ്റ് കൊമ്പൻമാരുമായുള്ള ഏറ്റുമുട്ടലിലാണ് മണിയൻ ചരിഞ്ഞത്. അമ്പത് വയസോളം പ്രായമുണ്ട് മണിയന്.

ഇന്നലെ രാത്രി കുറിച്യാട് റെയിഞ്ചിലെ ചെതലയം പുല്ലുമല വനമേഖലയിൽ വച്ച് മറ്റ് ആനകളുമായുള്ള ഏറ്റുമുട്ടലിലാണ് മണിയൻ എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട കാട്ടുകൊമ്പൻ ചരിഞ്ഞത്. അമ്പത് വയസോളം പ്രായമുണ്ട് മണിയന്. കാട്ടാനകളുടെ കുത്തേറ്റ് ചരിഞ്ഞ കൊമ്പന്റെ കാഴ്ച അതിദാരുണമാണ്. കൊമ്പന്റെ മസ്തകത്തിലും വയറിലും മാരകമായാ കുത്തേറ്റിട്ടുണ്ട്. ആനകളുമായി വൻ സംഘട്ടനം നടന്നതിന്റെ ലക്ഷണങ്ങൾ സ്ഥലത്തുണ്ട്. മണിയൻ ചരിഞ്ഞതറിഞ്ഞ് ദൂര സ്ഥലങ്ങളിൽ നിന്നു വരെ നൂറ് കണക്കിന് ആളുകളാണ് കാണാനായിയെത്തിയത്. വയനാട് വന്യജീവി സങ്കേതം മേധാവി പി. കെ ആസിഫ്, കുറിച്യാട് അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡൻ രതീശൻ, ഫോസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ സ്വീകരിച്ചു.