സംഘർഷങ്ങള്‍ക്ക് അയവില്ലാതെ മണിപ്പുർ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര 14 മുതല്‍; അതീവ ജാഗ്രത

 

ന്യൂഡല്‍ഹി: മണിപ്പൂരിൽ ജാഗ്രത തുടരുകയാണ്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് അതീവ ജാഗ്രതയാണ് നൽകിയിരിക്കുന്നത്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര മണിപ്പൂരിൽ നിന്ന് ആരംഭിക്കാനിരിക്കെ തുടർച്ചയായി സംഘർഷങ്ങൾ ഉണ്ടാകുന്നത് അതീവ ജാഗ്രതയോടെയാണ് കാണുന്നത്. അതേസമയം സംഘർഷങ്ങള്‍ നിയന്ത്രിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ അലംഭാവം തുടരുകയാണെന്നാണ് ഉയരുന്ന ആക്ഷേപം.

മണിപ്പൂരിൽ ആഭ്യന്തര സംഘർഷങ്ങൾ ആരംഭിച്ച് 7 മാസങ്ങൾ പിന്നിട്ടിട്ടും സമാധാനം ഇപ്പോഴും അകലെയാണ്.
കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമത്തിൽ നാലുപേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു. ഥൗബലില്‍ മെയ്തെയ് മുസ്ലീങ്ങള്‍ താമസിക്കുന്ന മേഖലയിലാണ് കഴിഞ്ഞ ആക്രമണം നടന്നത്. തീവ്ര മെയ്തെയ് വിഭാഗമായ ആരംഭായ് തെങ്കോലാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.

കുകി-മെയ്തെയ് വിഭാഗങ്ങള്‍ തമ്മില്‍ സംഘർഷം നിലനില്‍ക്കുന്ന മണിപ്പൂരില്‍ ഇത് ആദ്യമായാണ് മെയ്തെയ് മുസ്‌ലിം വിഭാഗത്തിന് നേരെ ആക്രമണം ഉണ്ടാകുന്നത്. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഥൗബൽ, ഇംഫാൽ ഈസ്റ്റ് , കാക്ചിംഗ് , ബിഷ്ണുപുർ ജില്ലകളിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മൊറയിൽ ഉണ്ടായ അക്രമത്തിൽ ഒരാൾ കൊല്ലപ്പെടുകയും 4 പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതേസമയം ഇന്നലെ മ്യാൻമാർ അതിര്‍ത്തിയിലെ മൊറെയില്‍ സുരക്ഷാസേനയ്ക്ക് നേരെയും വെടിവെപ്പ് ഉണ്ടായി.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ന്യായ് യാത്ര ജനുവരി 14 ന് മണിപ്പൂരില്‍ നിന്ന് തുടങ്ങാനിരിക്കെ സംസ്ഥാനത്ത് വീണ്ടും ഏറ്റുമുട്ടലുകള്‍ തുടർച്ചയായി ഉണ്ടാകുന്നത് അതീവ ജാഗ്രതയോടെയാണ് കാണുന്നത്. മണിപ്പുർ കലാപം നിയന്ത്രിക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു എന്നതിന്‍റെ ഉദാഹരണമാണ് ഇപ്പോഴും സംഘർഷങ്ങൾ അയവില്ലാതെ തുടരുന്നത്.

Comments (0)
Add Comment