മണിപ്പൂർ കലാപം: പ്രതിപക്ഷ നേതാക്കള്‍ക്ക് സമയം അനുവദിക്കാതെ പ്രധാനമന്ത്രി; മോദി സര്‍ക്കാര്‍ പരാജയമെന്ന് പ്രതിപക്ഷം

ഇംഫാല്‍: മണിപ്പൂർ വിഷയത്തിൽ പ്രധാന മന്ത്രിയെ കാണാൻ പ്രതിപക്ഷത്തിന് സമയം അനുവദിക്കാത്തതിനെതിരെ വ്യാപക വിമർശനം. 10 പ്രതിപക്ഷ പാർട്ടി പ്രതിനിധികളായിരുന്നു പ്രധാനമന്ത്രിയെ കാണാൻ സമയം തേടിയത്. മണിപ്പൂരിൽ നിന്നുള്ള പ്രതിപക്ഷസംഘം 3 ദിവസമായി ദില്ലിയിൽ തുടരുകയാണ്. സമാധാനം പുനഃസ്ഥാപിക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്ര സർക്കാറിനെതിരെ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ രൂക്ഷ വിമർശനമുയർത്തി. കലാപം നടന്ന് 40 ദിവസം പിന്നിടുകയും നൂറിലേറെ പേർ മരിക്കുകയും ചെയ്തിട്ടും മൗനിയായി തുടരുന്ന പ്രധാനമന്ത്രി പരാജയമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

മണിപ്പൂർ വിഷയത്തിൽ 10 പ്രതിപക്ഷ പാർട്ടി പ്രതിനിധികള്‍ പ്രധാനമന്ത്രിയെ കാണാൻ സമയം തേടിയെങ്കിലും  അനുവദിക്കാന്‍ തയാറാകാതെ ധാർഷ്ട്യം തുടരുകയാണ് നരേന്ദ്ര മോദി. മോദി വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ അവ​ഗണിക്കുന്നുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മണിപ്പൂരിലെ പത്ത് പ്രതിപക്ഷ പാർട്ടി പ്രതിനിധികൾ പ്രധാനമന്ത്രിയെ കാണാനാണ് എത്തിയത്. 20 ന് പ്രധാനമന്ത്രി വിദേശത്തേക്ക് പോകും. വിഷയത്തില്‍ മോദി തുടരുന്ന മൗനത്തെയും പ്രതിപക്ഷത്തെ കാണാന്‍ തയാറാകാത്ത ധാർഷ്ട്യത്തെയും വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് അടക്കമുള്ള വർ രംഗത്തെത്തി. മണിപ്പൂരിലെ സ്ഥിതി അതിരൂക്ഷമാണെന്നും പ്രധാനമന്ത്രി മൗനം വെടിഞ്ഞ് മണിപ്പൂർ സന്ദർശിച്ച് കാര്യങ്ങൾ മനസിലാക്കണമെന്നും ജയ്റാം രമേശ് നേരത്തെ ആവശ്യപ്പെട്ടിരുന്നു . 2001 ൽ കലാപം നടന്നപ്പോൾ അന്ന് വാജ്പേയിയെ സർവകക്ഷി സംഘം കണ്ടിരുന്നു. വാജ്പേയി അന്ന് സമാധാനത്തിനും ആഹ്വാനം ചെയ്തിരുന്നു . എന്നാൽ മോദി ആ ഒരു മര്യാദ പോലും കാട്ടുന്നില്ല എന്നും ജയ്‌റാം രമേശ് കുറ്റപ്പെടുത്തി.

അതേ സമയം മണിപ്പൂരിൽ സംഘർഷങ്ങൾ നാൾക്കുനാൾ വർധിക്കുകയാണ്. ഇംഫാലിൽ അക്രമികളും ദ്രുതകർമ്മസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. അക്രമങ്ങൾ രൂക്ഷമാകുമ്പോഴും പ്രധാന മന്ത്രി നരേന്ദ്ര മോദി മൗനം തുടരുകയാണ്.
പൊലീസ് സ്റ്റേഷനിൽ നിന്ന് ആയുധങ്ങൾ കൊള്ളയടിക്കാനുള്‍പ്പെടെ ശ്രമങ്ങള്‍ നടന്നു. അക്രമികൾ കമാൻഡോകളുടെ വേഷത്തിലെത്താമെന്നും ഇന്‍റലിജൻസ് മുന്നറിയിപ്പുണ്ട്. കേന്ദ്രം നിരീക്ഷണം ശക്തമാക്കിയെങ്കിലും കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

.

Comments (0)
Add Comment