മണിപ്പൂര്‍ കലാപം; ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ വിശ്വാസ്യത തകര്‍ത്തു; ഡോ. ശശി തരൂര്‍

തിരുവനന്തപുരം: മൂന്നു മാസം കഴിഞ്ഞിട്ടും തീയണയാത്ത മണിപ്പുര്‍ കലാപം ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ വിശ്വാസ്യത തകര്‍ത്തെന്ന് ഡോ. ശശി തരൂര്‍ എംപി. കലാപഭൂമിയായ മണിപ്പൂരില്‍ സഞ്ചരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ്ജ് കള്ളിവയലില്‍ രചിച്ച ‘ മണിപ്പൂര്‍ എഫ്ഐആര്‍’ എന്ന പുസ്തകത്തിന്‍റെ കവര്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇവിടെ നേതാക്കൾ ‘വസുധൈവ കുടുംബകം’ അതായത് ‘ഒരു ഭൂമി-ഒരു കുടുംബം-ഒരു ഭാവി’ എന്ന് തങ്ങളുടെ പ്രസംഗങ്ങളിൽ സംസാരിക്കുന്നു, അതേ സമയം “നമ്മുടെ സ്വന്തം സംസ്ഥാനങ്ങളിലൊന്ന് കത്തുമ്പോൾ നമുക്ക് എന്ത് വിശ്വാസ്യതയുണ്ടാകും” തരൂർ പറഞ്ഞു.

മൂന്നു മാസം കഴിഞ്ഞിട്ടും തീയണയാത്ത മണിപ്പുര്‍ കലാപത്തിന്റെ വസ്തുതകളെക്കുറിച്ച് പാര്‍ലമെന്‍റ് അംഗങ്ങളും മാധ്യമപ്രവര്‍ത്തകരും
തലസ്ഥാനത്ത് നേര്‍സാക്ഷ്യം അവതരിപ്പിച്ചു. ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയും ജോര്‍ജ് കള്ളിവയലിലും മണിപ്പുരിലെ കാഴ്ചകളും സംഭവങ്ങളും പാര്‍ലമെന്‍റിലെ മണിപ്പുര്‍ ചര്‍ച്ചകളെ കുറിച്ചും സംസാരിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയനുമായി സഹകരിച്ച് കേരള മീഡിയ അക്കാദമിയാണ് പരിപാടി സംഘടിപ്പിച്ചത്.

Comments (0)
Add Comment