ജോസിന് വേണ്ടി കാപ്പനെ ബലികൊടുത്ത് സിപിഎം ; പാലായില്‍ സ്ഥാനാർത്ഥിയാക്കില്ലെന്ന് മുഖ്യമന്ത്രി ; കാപ്പനെ സ്വാഗതം ചെയ്ത് യുഡിഎഫ്

Jaihind News Bureau
Wednesday, February 10, 2021

 

തിരുവനന്തപുരം : ജോസ്.കെ.മാണിക്ക് വേണ്ടി മാണി.സി.കാപ്പനെ ബലികൊടുത്ത് സിപിഎം. സിറ്റിങ് എംഎല്‍എകൂടിയായ കാപ്പനെ പാലായില്‍ സ്ഥാനാർത്ഥിയാക്കാനാകില്ലെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. വേണമെങ്കിൽ കുട്ടനാട് മണ്ഡലത്തിൽ മത്സരിപ്പിച്ചോളു എന്നാണ് പിണറായി വിജയൻ എൻസിപി നേതൃത്വത്തെ അറിയിച്ചത്. പ്രഫുൽ പട്ടേലിനെ ഫോണിൽ വിളിച്ചാണ് പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്.

പ്രഫുല്‍ പട്ടേല്‍ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ട് നല്‍കാത്തത്തില്‍ എന്‍സിപി ദേശീയ നേതൃത്വത്തിനും അതൃപ്തിയുണ്ട്. പാലാ സ്ഥാനാര്‍ത്ഥിത്വത്തിൽ ഇടതുമുന്നണി നിലപാട് വ്യക്തമാക്കിയതോടെ എൻസിപി മുന്നണി മാറ്റചർച്ചകൾ സജീവമാക്കിയെന്നാണ് സൂചന. ടി.പി പീതാംബരനെ അടിയന്തരമായി ഡല്‍ഹിക്ക് വിളിപ്പിച്ചു. ഉച്ചയോടെ ദില്ലിയിലെത്തുന്ന സംസ്ഥാന എൻസിപി നേതാക്കൾ ശരദ് പവാറിനെ കാണും. മാണി സി കാപ്പനും, ടിപി പീതാംബരനും ഒരുമിച്ചാണ് എൻസിപി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുക.