നിയമസഭ കയ്യാങ്കളി : കെ.എം. മാണി അഴിമതിക്കാരനായിരുന്നെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Jaihind Webdesk
Monday, July 5, 2021

ന്യൂഡല്‍ഹി: കെ.എം. മാണി അഴിമതിക്കാരനായിരുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിയമസഭാ കയ്യാങ്കളി കേസ് പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാർ വാദം. അഴിമതിക്കാരനെതിരെയാണ് എം.എല്‍.എമാര്‍ സഭയില്‍ പ്രതിഷേധിച്ചതെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.

അതേസമയം കയ്യാങ്കളി കേസില്‍ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് കോടതി ഉന്നയിച്ചത്. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് പറഞ്ഞ സുപ്രീംകോടതി, എംഎൽഎമാരുടേത് മാപ്പർഹിക്കാത്ത പെരുമാറ്റമാണെന്നും  നിരീക്ഷിച്ചു. സംസ്ഥാന ബജറ്റ് തടയാന്‍ ശ്രമിച്ചത് എന്തു സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്നും കോടതി വിമർശിച്ചു. കേസ് ബുധനാഴ്ച പരിഗണിക്കാൻ സുപ്രീം കോടതി മാറ്റി.

നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. കേസ് തീര്‍പ്പാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളിയ ഹൈക്കോടതി പ്രതികള്‍ വിചാരണ നേരിടണമെന്നും വിധിച്ചിരുന്നു.

സ്പീക്കറുടെ അനുമതിയില്ലാതെ നിയമസഭാ സെക്രട്ടറി നല്‍കിയ കേസ് നിലനില്‍ക്കില്ലെന്നും കേരളം വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശ് ആണ് ഹര്‍ജി സമര്‍പ്പിച്ചത്. പ്രതികളായ വി. ശിവന്‍കുട്ടി, ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്. എല്ലാ ഹര്‍ജികളും ഒന്നിച്ചാണ് പരിഗണിക്കുന്നത്. കേസില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തടസഹര്‍ജി നല്‍കിയിട്ടുണ്ട്.