മാണി സി കാപ്പൻ ഇടതുമുന്നണി വിടുമെന്ന് സൂചന; പവാർ-കാപ്പൻ നിർണായക കൂടിക്കാഴ്ച ഇന്ന്

Jaihind News Bureau
Tuesday, February 9, 2021

പാലാ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ മുന്നണിമാറ്റത്തിൽ മാണി സി കാപ്പന്‍റെ തീരുമാനം ഉടൻ. എൻസിപി ദേശീയ അധ്യക്ഷൻ ശരദ്പവാറുമായി കാപ്പൻ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കൾ ഇന്ന് കൂടിക്കാഴ്ച നടത്തും. അതിനിടെ സീറ്റ് ചർച്ചകൾക്കായി പ്രഫുൽ പാട്ടേലുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്താതിലും എൻസിപിക്ക് അതൃപ്തിയുണ്ട്.

പാലാ സീറ്റ് സംബന്ധിച്ച് അനശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് കാപ്പൻ-പവാർ കൂടിക്കാഴ്ച ഇന്ന് ഡൽഹിയിൽ നടക്കുന്നത്. പാലാ സീറ്റ് വിട്ടുനൽകി ഒത്തുതീർപ്പുണ്ടാകില്ലെന്ന നിലാപാടാണ് സിപിഎം സ്വീകരിച്ചത്. ഇതോടെ അവഗണന സഹിച്ച് ഇടത് മുന്നണിയിൽ തുടരാനില്ലെന്ന് കാപ്പനും ഉറപ്പിച്ചു. ദേശീയ അധ്യക്ഷൻ ശരദ്പവാറിനോട് കാര്യങ്ങൾ വിശദീകരിച്ച ശേഷമായിരിക്കും മുന്നണിമാറ്റ പ്രഖ്യാപനം. കാപ്പന് പുറമെ എ.കെ. ശശീന്ദ്രനെയും ടി.പി. പീതാംബരനെയും പവാർ വിളിപ്പിച്ചിട്ടുണ്ട്.

സീറ്റ്ചർച്ചകൾക്കായി പ്രഫുൽ പട്ടേലുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ സമയം അനുവദിച്ചിട്ടില്ല. ഇതിലും എൻസിപി ദേശീയ നേതൃത്വത്തിനു കടുത്ത അതൃപ്തിയുണ്ട്.

ചർച്ചകൾക്ക് തയ്യാറാകാത്ത സിപിഎം നിലപാടിൽ വിയോജിപ്പുണ്ടെങ്കിലും എൻസിപി ഒറ്റക്കെട്ടായി മുന്നണി വിടാനുള്ള സാധ്യത വിരളമാണ്. സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് മുന്നണിമാറ്റത്തിന്‍റെ സൂചനകൾ കാപ്പൻ കഴിഞ്ഞ ദിവസം നൽകിയിരുന്നു. മുന്നണിമാറ്റം അനിവാര്യമായിരിക്കെ പാലാ മണ്ഡലത്തിൽ നാളെ മുതൽ നടത്താനിരുന്ന വികസന വിളംബര ജാഥയും മാണി സി. കാപ്പൻ മാറ്റിവെച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാലായിൽ നടത്തിയ വികസന പ്രവർത്തങ്ങളെക്കുറിച്ചു വിശദീകരിക്കുന്നതിനായാണ് ജാഥ നിശ്ചയിച്ചിരുന്നത്.

https://youtu.be/NCMfOAvB5bA