ലിവർപൂളിന്‍റെ സ്വപ്ന കുതിപ്പിന് അവസാനം; ആദ്യ പരാജയം മാഞ്ചസ്റ്റർ സിറ്റിക്കെതിരെ

Jaihind Webdesk
Friday, January 4, 2019

Manchester-City-Liverpool

ലിവർപൂളിന്‍റെ സ്വപ്ന കുതിപ്പിന് അവസാനം. പ്രീമിയർ ലീഗിലെ ഈ സീസണിൽ ഇതുവരെ പരാജയം അറിയാതിരുന്ന ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പരാജയം അറിഞ്ഞു. ശക്തമായ പോരാട്ടം നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചത്.

കളിയിൽ തുടക്കത്തിൽ കൂടുതൽ താളം കണ്ടെത്തിയത് മാഞ്ചസ്റ്റർ സിറ്റി ആയിരുന്നു. എന്നാൽ കളിയിലെ മികച്ച അവസരം ആദ്യം ലഭിച്ചത് ലിവർപൂളിനും. കളിയുടെ 40ആം മിനുട്ടിൽ അഗ്വേറോ മാഞ്ചസ്റ്റർ സിറ്റിയെ മുന്നിൽ എത്തിച്ചു.

രണ്ടാം പകുതിയിൽ ഫോർമേഷനിൽ ചെറിയ മാറ്റം വരുത്തിയ ലിവർപൂൾ പതിയെ താളം കണ്ടെത്താൻ തുടങ്ങി. കളിയുടെ 64ആം മിനുട്ടിൽ സമനില കണ്ടെത്താനും ലിവർപൂളിനായി. ഫർനീനോയുടെ ഫിനിഷിലൂടെ ആയിരുന്നു ലിവർപൂളിന്‍റെ സമനില.

സമനില ഗോളിൽ സിറ്റി തളർന്നില്ല. എട്ടു മിനുട്ടുകൾക്കകം സാനെയിലൂടെ സിറ്റി വിജയം ഉറപ്പിച്ച ഗോൾ നേടി.

ഈ വിജയം ലിവർപൂളിന്റെ ഒന്നാം സ്ഥാനത്തെക്കുള്ള ലീഡ് നാലാക്കി കുറച്ചു. മാഞ്ചസ്റ്റർ സിറ്റിക്ക് 50 പോയന്റും ലിവർപൂളിന് 54 പോയന്റുമാണ് ലീഗിൽ ഇപ്പോൾ ഉള്ളത്. 48 പോയിന്‍റുമായി ടോട്ടൻഹാമും കിരീട പോരാട്ടത്തിൽ ഉണ്ട്.