ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്

Jaihind Webdesk
Monday, February 25, 2019

ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്. ചെൽസിയെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ 4-3ന് കീഴടക്കിയാണ് സിറ്റി കിരീടം നിലനിർത്തിയത്. നിശ്ചിത സമയത്തും അധികസമയത്തും ഗോൾരഹിത സമനിലയിൽ തുടർന്നതോടെയാണു പെനൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടത്.

വെംബ്ലി സ്റ്റേഡിയത്തിൽ കലാശപോരാട്ടത്തിനിറങ്ങിയ ഇരു ടീമുകൾക്കും ആദ്യ പകുതിയിൽ കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. രണ്ടാംപകുതിയിൽ മത്സരം ആവേശകരമായി. കളിക്കാരെ മാറ്റി പരീക്ഷിച്ച് ചെൽസി കൂടുതൽ ആക്രമണത്തിന് മൂർച്ച കൂട്ടിയെങ്കിലും ഗോൾനേടാനായില്ല. അഗ്യൂറോ പന്ത് വലയിൽ എത്തിച്ചെങ്കിലും ഗോൾ ഓഫ് സൈഡ് വിളിച്ചത് നിർഭാഗ്യമായി. മത്സരം അധികസമയത്തേക്ക് നീണ്ടതോടെ ഫെർണാണ്ടിഞ്ഞോയെ പിൻവലിച്ച് ഡാനിലോയെ സിറ്റി കളത്തിൽ ഇറക്കി. ചെൽസി വില്ലിയനെ തിരികെവിളിച്ച് പകരക്കാരനായി ഹിഗ്വെയ്‌നെയും ഇറക്കി. എന്നാൽ അധികസമയത്തും ഇരുടീമിനും ഗോൾനേടാനായില്ല. ഇതോടെ പെനൽറ്റി ഷൂട്ടൗട്ടിലേക്ക് കളി നീണ്ടു.

ചെൽസിയുടെ ജോർജിഞ്ഞോ, ഡേവിഡ് ലൂയിസ് എന്നിവർ പെനാൽറ്റി നഷ്ടപ്പെടുത്തിയതോടെ വിജയം സിറ്റിക്കൊപ്പം നിന്നു.

സിറ്റിയുടെ സാനെയുടെ ഷോട്ട് ഗോൾകീപ്പർ കെപ്പ തടുത്തെങ്കിലും വിജയം തട്ടിയെടുക്കാനായില്ല. തുടർച്ചയായ രണ്ടാംവട്ടമാണ് സിറ്റി ഇംഗ്ലീഷ് ലീഗ് ചാമ്പ്യന്മാരാകുന്നത്. സിറ്റിയുടെ ആറാം ഇംഗ്ലീഷ് ലീഗ് കിരീട നേട്ടമാണിത്.