കര്‍ഷകസമര വേദിയില്‍ യുവാവിന്‍റെ മൃതദേഹം; കൈ വെട്ടിമാറ്റി ബാരിക്കേഡില്‍ കെട്ടിത്തൂക്കി; പിന്നില്‍ നിഹാംഗുകളെന്ന് സംശയം

Jaihind Webdesk
Friday, October 15, 2021

ന്യൂഡല്‍ഹി: സിംഗുവിലെ കര്‍ഷകസമര വേദിക്കടുത്ത് കൈ വെട്ടിമാറ്റിയ നിലയില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. പൊലീസ് ബാരിക്കേഡില്‍  കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം. കൈകാലുകള്‍ വെട്ടിമാറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തെ അപലപിച്ച സംയുക്ത കിസാന്‍ മോർച്ച, പിന്നില്‍ നിഹാംഗുകളാണെന്ന് ആരോപിച്ചു.

പഞ്ചാബിലെ താണ്‍ തരണ്‍ ജില്ലയിലെ ചീമാ കുര്‍ദ് ഗ്രാമത്തില്‍ നിന്നുള്ള  ലഖ്ബീര്‍ സിംഗാണ് (35) കൊല്ലപ്പെട്ടത്. പൊലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈ വെട്ടിമാറ്റിയ നിലയിലായിരുന്നു. സിഖ് മതത്തിലെ നിഹാംഗ് വിഭാഗത്തിൽ പെട്ടവരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുഗ്രന്ഥ് സാഹിബിനെ അവഹേളിച്ചതാണ് കൊലപാതകത്തിന് കാരണമെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

ലഖ്ബീറിനെ തല്ലിക്കൊന്നശേഷം പൊലീസ് ബാരിക്കേഡില്‍ മൃതദേഹം കെട്ടിത്തൂക്കിയെന്നാണ് നിഗമനം. ഇതിനുശേഷമാണ് കൈ വെട്ടിമാറ്റിയതെന്നും കരുതുന്നു. സോണിപത് പോലീസ് സ്ഥലത്തെത്തി ലഖ്ബീറിന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് റോഹ്തക് എഡിജിപി സന്ദീപ് ഖിർവാർ അറിയിച്ചു.