യുവാവിനെ കൊന്നയിടത്ത് കടുവ വീണ്ടും എത്തി; കാൽപാടുകൾ കടുവയുടേത്, പ്രതിഷേധിച്ച് ബന്ധുക്കള്‍

കൽപ്പറ്റ : വയാനാട് സുൽത്താൻ ബത്തേരി വാകേരിയിൽ യുവാവ് കൊല്ലപ്പെട്ട സ്ഥലത്ത് കടുവ വീണ്ടും എത്തി. ഇന്ന് രാവിലെ പ്രദേശത്ത് കണ്ട കാൽപാടുകൾ കടുവയുടേതാണെന്ന് സ്ഥിരീകരിച്ചു. വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് കാൽപ്പാടുകൾ കടുവയുടേതെന്ന് സ്ഥിരീകരിച്ചത്. അതേസമയം കൊല്ലപ്പെട്ട പ്രജീഷിന്‍റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. കടുവയെ പിടിക്കാനുള്ള ഉത്തരവ് ഇറങ്ങാതെ മൃതദേഹം വാങ്ങില്ലെന്ന നിലപാടിലാണ് നാട്ടുകാരും ബന്ധുക്കളും. ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും താലൂക്ക് ആശുപത്രി മോർച്ചറിക്ക് മുമ്പിൽ പ്രതിഷേധിക്കുകയാണ്.

ഇന്നലെയായിരുന്നു പ്രജീഷ് പശുക്കള്‍ക്ക് വേണ്ടി പുല്ല് അരിയാന്‍ പോയത്. പ്രജീഷ് കൊല്ലപ്പെട്ട സ്ഥലത്തിന് സമീപം ഇപ്പോഴും പുല്ല് കൂട്ടിയിട്ടുണ്ട്. കൂട്ടിയിട്ട പുല്ലിന് സമീപം അത് കൊണ്ടുപോകാനായി എടുത്ത ചാക്കും അരിവാളുമുണ്ട്. സ്ഥലത്തേക്ക് പ്രജീഷ് ഓടിച്ചുവന്ന ജീപ്പും റോഡരികില്‍ തന്നെ കിടക്കുന്നുണ്ട്. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. നരഭോജി കടുവയാണിതെന്നും അതിനാല്‍ അടിയന്തരമായി വെടിവെച്ച് പിടികൂടിയില്ലെങ്കില്‍ വീണ്ടും ആക്രമിക്കുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

Comments (0)
Add Comment