കോഴിക്കോട്: കന്നൂര് സ്വദേശി പ്രശാന്താണ് കഴിഞ്ഞ മാസം ജീവനൊടുക്കിയത്. ചികിത്സിച്ച ഡോക്ടറുടെ പേരെഴുതിവെച്ചാണ് കഴിഞ്ഞ മാസം വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു.
മുടി കൊഴിയുന്നതിന്റെ വലിയ മനോവിഷമത്തിലായിരുന്നു പ്രശാന്ത് കഴിഞ്ഞിരുന്നത്. ഒക്ടോബര്‍ ഒന്നിന് മരണത്തിന്റെ ഉത്തരവാദി മുടി കൊഴിച്ചിലിന് ചികിത്സിച്ച ഡോക്ടര്‍ ആണെന്നും പുറത്തിറങ്ങാന്‍ പോലും കഴിയാത്തതിനാല്‍ മരിക്കുന്നുവെന്നും കുറിപ്പ് എഴുതി വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
2014 മുതല്‍ കോഴിക്കോട് ക്ലിനിക്കില്‍ ചികിത്സ തേടി. ഡോക്ടര്‍ മരുന്നും ഗുളികയും നല്‍കി. അത് കഴിച്ചതിന് ശേഷം പുരികവും മൂക്കിലെ രോമങ്ങളും ദേഹത്തെ രോമങ്ങള്‍ വരെ കൊഴിയാന്‍ തുടങ്ങി. ശരിയാകുമെന്ന് പ്രതീക്ഷിച്ച് ഡോക്ടറെ വീണ്ടും സമീപിച്ചു. മരുന്നുകളെല്ലാം വീണ്ടും കഴിച്ചു. ഒരു ഫലവും കണ്ടില്ലെന്നും ആത്മഹത്യകുറിപ്പില്‍ പറയുന്നു.
അത്തോളി പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസന്വേഷണത്തില്‍ തൃപ്തിയില്ലെന്നാണ് കുടുംബം പറയുന്നത്. ഡോ. റഫീക്കിനെതിരെയാണ് പരാതി. പ്രഥമ ദൃഷ്ട്യ കുറ്റം കണ്ടെത്തിയിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം നടന്നുവരുന്നുവെന്നും അത്തോളി എസ്.ഐ പ്രതികരിച്ചു. അതേസമയം കൃത്യമായ ചികിത്സയാണ് നല്‍കിയതെന്നും വട്ടത്തില്‍ മുടി പോകുന്ന രോഗം പ്രശാന്തിനുണ്ടായിരുന്നുവെന്നാണ് ഡോക്ടര്‍ പറയുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ് ലൈന്‍ നമ്പര്‍ 1056)