കുറ്റകരമായ നരഹത്യ ശ്രമം ; മരണം വരെ സംഭവിക്കാവുന്ന ആക്രമണം , പ്രതി റിമാന്‍ഡില്‍

തലശ്ശേരിയില്‍ കുട്ടിയെ ചവിട്ടിയ കേസിലെ പ്രതിയായ മുഹമ്മദ് ഷിഹാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി, കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ വീണ്ടും കാലുകൊണ്ട് ചവിട്ടുകയായിരുന്നു. കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കില്‍ ചവിട്ടേറ്റ് കുട്ടിയുടെ മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ഇന്നലെ വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. തന്‍റെ കാറില്‍ ചാരിനിന്നതിന്  ആറ് വയസുകാരനായ ഗണേഷ് എന്ന കുഞ്ഞിനെ മുഹമ്മദ് ഷിഹാദ് ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു.
സമീപത്തെ കെട്ടിടത്തിലെ സിസിടിവിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. കേരളത്തില്‍ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ അംഗമാണ് ആക്രമിക്കപ്പെട്ടത്. കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തു. കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന വിചിത്ര ന്യായമാണ് ഇയാള്‍ ഉന്നയിച്ചത്. പിന്നാലെ നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍, പൊലീസ് ഇയാള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.  ഇതിനിടെ നാട്ടുകാര്‍ കുട്ടിയെ തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് നടുവിനാണ് പരിക്കേറ്റത്. സംഭവം വിവാദമാവുകയും രാവിലെ ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടുകൂടിയാണ് മുഹമ്മദ് ഷിഹാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ഇന്നലെ രാത്രി നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കേസെടുക്കാനോ ആരോപണവിധേയനായ ആളെ ചോദ്യം ചെയ്യാനോ പൊലീസ് ആദ്യം തയ്യാറായിരുന്നില്ല. പ്രതിക്ക് രാഷ്ട്രീയ സ്വാധീനമുള്ളതിനാലാണ് ആദ്യം കസ്റ്റഡിയിലെടുക്കാത്തതെന്നും ആരോപണം ഉയര്‍ന്നിരുന്നു. അറസ്റ്റ് വൈകിയതിനെ കുറിച്ച് വ്യക്തമായി പ്രതികരിക്കാനും പൊലീസ് തയ്യാറായില്ല.

Comments (0)
Add Comment