മാമുക്കോയ… കോണ്‍ഗ്രസ് പ്രത്യയശാസ്ത്രം മുറുകെപ്പിടിച്ച, നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത കലാകാരന്‍

Jaihind Webdesk
Wednesday, April 26, 2023

 

വെള്ളിത്തിരയ്ക്ക് പുറത്ത് തന്‍റേതായ നിലപാടുകള്‍ ശക്തമായി ഉയര്‍ത്തിപ്പിടിച്ച കലാകാരനായിരുന്നു മാമുക്കോയ. കോണ്‍ഗ്രസ് അനുഭാവ രാഷ്ട്രീയ കാഴ്ചപ്പാട് അവസാനം വരെ മുറുകെപ്പിടിച്ച വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. മുഖം നോക്കാതെ അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന പ്രകൃതമായിരുന്നു മാമുക്കോയയുടേത്.

ഏതു വിഷയത്തിലും തന്‍റേതായ നിലപാട് വെട്ടിത്തുറന്നു പറഞ്ഞിരുന്നു മാമുക്കോയ. രോഹിത് വെമുല, പൗരത്വ സമരം, ദിലീപ് വിഷയം എന്നിവയിലെല്ലാം അദ്ദേഹം തന്‍റെ അഭിപ്രായം വ്യക്തമാക്കി. സ്ത്രീകള്‍ രാഷ്ട്രീയത്തിലിറങ്ങേണ്ടതിന്‍റെ ആവശ്യകതയും മാമുക്കോയ പൊതുസമൂഹത്തെ ഓര്‍മ്മപ്പെടുത്തി. തന്‍റെ കോണ്‍ഗ്രസ് അനുഭാവ രാഷ്ട്രീയം പരസ്യപ്പെടുത്താനും അദ്ദേഹത്തിന് യാതൊരു മടിയുമുണ്ടായില്ല.

ഭരണവര്‍ഗത്തിന്‍റെ ഗുഡ് ബുക്കില്‍ ഇടംപിടിക്കാനും അതുവഴി അവാര്‍ഡുകള്‍ തരപ്പെടുത്തിയെടുക്കാനും തരാതരം പോലെ മാറുന്നതായിരുന്നില്ല മാമുക്കോയയുടെ നിലപാടുകള്‍. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിക്കും എംകെ രാഘവന്‍ എംപിക്കും വേണ്ടി അദ്ദേഹം പരസ്യമായി തന്നെ പ്രചരണ രംഗത്തിറങ്ങി. കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്‍റെ തറക്കല്ലിടീല്‍ ചടങ്ങിലും അദ്ദേഹം പങ്കെടുത്തു.

 

‘നിലപാടുകള്‍ വെട്ടിത്തുറന്നുപറഞ്ഞ ജനകീയ മുഖം’ – കെ.സി വേണുഗോപാല്‍ എംപി, എഐസിസി ജനറല്‍ സെക്രട്ടറി

 

“നിലപാടുകള്‍ എന്നും വെട്ടിത്തുറന്ന് പറഞ്ഞിരുന്ന മലയാള സിനിമയിലെ ജനകീയ മുഖമായിരുന്നു മാമുക്കോയ”

 

‘കോണ്‍ഗ്രസിന്‍റെ മതേതര മൂല്യങ്ങളില്‍ വിശ്വസിച്ച വ്യക്തിത്വം’ – കെ സുധാകരന്‍ എംപി, കെപിസിസി പ്രസിഡന്‍റ്

 

“സഹോദരതുല്യമായ ബന്ധം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു മാമുക്കോയ. കോണ്‍ഗ്രസിന്‍റെ ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിശ്വസിച്ചിരുന്ന നടന്‍ കൂടിയായിരുന്നു മാമുക്കോയ. അദ്ദേഹത്തിന്‍റെ വിയോഗം മലയാള സിനിമയ്ക്ക് അപരിഹാര്യമായ നഷ്ടമാണ്”

 

‘നഷ്ടമായത് ഉറച്ച കോണ്‍ഗ്രസ് പ്രവർത്തകനെ’ – വി.ഡി സതീശന്‍, പ്രതിപക്ഷ നേതാവ്.

 

“കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഉറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനും നേതാവും കോഴിക്കോട് യൂത്ത് കോണ്‍ഗ്രസിനും കോണ്‍ഗ്രസിനുമെല്ലാം അടിത്തറ ഉണ്ടാക്കിയെടുക്കാന്‍ ശക്തമായ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിരുന്ന പ്രിയപ്പെട്ട സഹപ്രവർത്തകനും കൂട്ടുകാരനുമായിരുന്നു”

 

‘അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നയാള്‍’ – രമേശ് ചെന്നിത്തല

 

“ജനകീയ കലാകാരനായിരുന്നു മാമുക്കോയ. അടുത്ത വ്യക്തി ബന്ധമുണ്ടായിരുന്ന ആള്‍. ആ വിടവ് അടുത്തെങ്ങും നികത്തപ്പെടുമെന്നു തോന്നുന്നില്ല.”

 

ജീവിതയാത്രയിലുടനീളം കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തെയും ആശയങ്ങളെയും ഉള്‍ക്കൊണ്ടു മുന്നോട്ടു നീങ്ങിയ കേരളത്തിന്‍റെ ഹൃദയത്തില്‍ ഇടം പിടിച്ച അതുല്യ കലാകാരനായിരുന്നു മാമുക്കോയ. അദ്ദേഹത്തിന്‍റെ വിയോഗം കേരളത്തിന്‍റെ കലാരംഗത്ത് മാത്രമല്ല കോണ്‍ഗ്രസ് പാര്‍ട്ടിക്കും തീരാനഷ്ടമാണ്.