നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മമതാ ബാനര്‍ജി പങ്കെടുക്കില്ല

Jaihind Webdesk
Wednesday, May 29, 2019

നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുക്കില്ല.  ട്വിറ്ററിലൂടെ മമതാ ബാനര്‍ജി തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്.  നേരത്തെ, സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് മമത അറിയിച്ചിരുന്നു.

ജനാധിപത്യത്തെ ആഘോഷമാക്കുന്ന വളരെ പവിത്രമായ ഒരു ചടങ്ങ് എന്ന നിലയ്ക്കാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ രാഷ്ട്രീയമായി തേജോവധം ചെയ്യാനുള്ള അവസരമായി കാണുന്ന ഒരു രാഷ്ട്രീയ ചടങ്ങില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലെന്നുമാണ് മമതയുടെ നിലപാട്.

ഭരണഘടനാനുസൃതമായ ക്ഷണം സ്വീകരിച്ച് ചടങ്ങില്‍ പങ്കെടുക്കണമെന്നായിരുന്നു തന്‍റെ തീരുമാനം. എന്നാല്‍ ആ നിലപാട് മാറ്റാന്‍ താന്‍ നിര്‍ബന്ധിതയായിരിക്കുകയാണെന്ന് മമത പറയുന്നു.

‘കഴിഞ്ഞ ഒരു മണിക്കൂറിനുള്ളിലെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് ബംഗാളില്‍ രാഷ്ട്രീയ അക്രമങ്ങളില്‍ 54പേര്‍ കൊല്ലപ്പെട്ടു എന്ന ബിജെപിയുടെ അവകാശവാദമാണ്.  ഇത് തീര്‍ത്തും വസ്തുതാവിരുദ്ധമാണ്. ബംഗാളില്‍ രാഷ്ട്രീയ കൊലപാതകങ്ങളല്ല ഉണ്ടായത്. വ്യക്തിപരമായ കാരണങ്ങളോ കുടുംബ വഴക്കുകളോ അതല്ലാത്തെ മറ്റ് പല കാരണങ്ങളും കൊണ്ടുണ്ടായ അക്രമങ്ങള്‍ക്ക് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ല. രാഷ്ട്രീയവുമായി ബന്ധമുള്ളതായി യാതൊരു വിധത്തിലുള്ള തെളിവുകളും ഇക്കാര്യത്തില്‍ ഞങ്ങളുടെ പക്കല്‍ ഇല്ല. ഇതൊക്കെ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ എന്നെ നിര്‍ബന്ധിതയാക്കുന്നു.’  മമത ട്വിറ്ററില്‍ ചേര്‍ത്ത കുറിപ്പില്‍ പറയുന്നു.

പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ ബംഗാളിലെ രാഷ്ട്രീയ അതിക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ക്ഷണിച്ചിട്ടുണ്ട്.  ഇതാണ്, നേരത്തെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്ന മമതയെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

‘ഒന്ന് രണ്ട് മുഖ്യമന്ത്രിമാരുമായി ഞാന്‍ സംസാരിച്ചിരുന്നു. അതിനുശേഷമാണ് ചടങ്ങില്‍ പങ്കെടുക്കുമെന്ന് തീരുമാനിച്ചത്. ഭരണഘടനാപ്രകാരം ചില ചടങ്ങുകളുണ്ട്.’ എന്നായിരുന്നു നേരത്തെ ചടങ്ങില്‍ പങ്കെടുക്കാനുള്ള തീരുമാനം വെളിപ്പെടുത്തിയപ്പോള്‍ മമത പറഞ്ഞത്.