മമ്മൂട്ടിക്ക് ഇന്ന് എഴുപതാം പിറന്നാള്‍ ; ആശംസകളുമായി സിനിമാലോകം

Jaihind Webdesk
Tuesday, September 7, 2021

തിരുവനന്തപുരം : മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് എഴുപതാം പിറന്നാള്‍. പകരംവെക്കാനാവാത്ത നടനവൈഭവത്തിലൂടെ നീണ്ട അഞ്ച് പതിറ്റാണ്ടായി മലയാള സിനിമയിലെ മെഗാസ്റ്റാറായി അരങ്ങുതകര്‍ക്കുന്ന താരത്തിന് പിറന്നാള്‍ ആശംസകളറിയിക്കുകയാണ് ആരാധകരും സിനിമാലോകവും.

താരപരിവേഷങ്ങളെക്കാളും വെള്ളിത്തരയില്‍ എക്കാലത്തേയും വിസ്മയമാണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന നടന്‍ മമ്മൂട്ടി. 1951 സെപ്റ്റംബര്‍ 7ന് കോട്ടയം, വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് ജനനം. സിനിമയോടുളള അടങ്ങാത്ത ആവേശം അഭിഭാഷകവൃത്തിയില്‍ നിന്നും അഭിനയരംഗത്ത് എത്തിച്ചു.

1971 ല്‍ പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകളിലൂടെ തുടങ്ങി ന്യൂഡല്‍ഹിയിലൂടെ മലയാളസിനിമയില്‍ പുതിയൊരു താരേദയമായ് മാറുകയായിരുന്നു. പിന്നീടങ്ങോട്ട് ആ അഭിനയപ്രതിഭയുടെ പകര്‍ന്നാട്ടങ്ങള്‍ സമ്മാനിച്ചത് ഇന്നും അവസാനിക്കാത്ത ഒരുയുഗപ്പിറവിക്കായിരുന്നു.

സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും വേഷപ്പകര്‍ച്ച കൊണ്ടും വിസ്മയിപ്പിച്ച അനവധി നിരവധി കഥാപാത്രങ്ങള്‍ തലമുറകള്‍ക്കിപ്പുറവും ജനമനസുകള്‍ നെഞ്ചേറ്റുന്നു. അതേസമയം പ്രതിഭ തെളിയിച്ച ഒരുപിടി മികച്ചകഥാപാത്രങ്ങളും ലോകശ്രദ്ധനേടി. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ആ അസാമാന്യ നടന പ്രതിഭ മികച്ചുനിന്നു. ദേശീയപുരസ്‌കാരങ്ങളടക്കം നിരവധി നേട്ടങ്ങളും അദ്ദേഹത്തെതേടിവന്നു. മലയാളത്തിന്റെ നടനചക്രവര്‍ത്തിക്ക് ജയ്ഹിന്ദ് ടി.വി യുടെ പിറന്നാള്‍ ആശംസകള്‍.