കശ്മീരിലെ കേന്ദ്ര നടപടിയെ രൂക്ഷമായി വിമർശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജി. മോദി ഭരണത്തില്‍ ഇന്ത്യയില്‍ ജനാധിപത്യം ഇല്ലാതായെന്നും മമത കുറ്റപ്പെടുത്തി. കശ്മീര്‍ ജനതയെ തോക്കിന്‍ മുനയില്‍ നിർത്തി ഭീതി വിതക്കുകയാണ് മോദി സർക്കാര്‍ ചെയ്യുന്നത്. ഇത് ജനാധിപത്യത്തിന് നിരക്കുന്നതല്ല. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലെ തെറ്റും ശരിയുമല്ല, അത് നടപ്പിലാക്കിയ രീതിയെയാണ് താന്‍ വിമർശിക്കുന്നതെന്നും മമത വ്യക്തമാക്കി. സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെയാണ് മമത ബാനർജി കശ്മീർ വിഷയത്തിലെ ആശങ്ക പങ്കുവെച്ചത്.
‘ഞാന്‍ കശ്മീരിനെ സ്നേഹിക്കുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലെ തെറ്റും ശരിയുമല്ല, അത് നടപ്പാക്കിയ രീതി ജനാധിപത്യവിരുദ്ധമാണ്. ജനങ്ങളെ തോക്കിന്‍മുനയില്‍ നിർത്തി ഭീതി പരത്തി മോദി സര്‍ക്കാർ തീരുമാനം നടപ്പാക്കിയത് തികച്ചും ജനാധിപത്യവിരുദ്ധമാണ്. അവിടുത്തെ മുന്‍ മുഖ്യമന്ത്രിമാര്‍ ഇപ്പോള്‍ എവിടെയാണെന്നത് സംബന്ധിച്ച് ആര്‍ക്കും അറിവില്ല. ഇക്കാര്യങ്ങള്‍ അറിയാനുള്ള അവകാശം നമുക്കില്ലേ? സമാധാനപരമായി കാര്യങ്ങള്‍ നടപ്പാക്കാന്‍ അവസരമുണ്ടായിട്ടും സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് മോദി സർക്കാര്‍ ചെയ്തത്’ – മമത പറഞ്ഞു.
കശ്മീര്‍ ശാന്തമെന്ന് വരുത്തിത്തീര്‍ക്കാന്‍ കേന്ദ്രം നടത്തുന്ന ആസൂത്രിത ശ്രമങ്ങളെയും മമത ശക്തമായി അപലപിച്ചു. മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനാണ് മോദി സര്‍ക്കാർ ശ്രമിക്കുന്നതെന്നും മമത പറഞ്ഞു.
‘മാധ്യമങ്ങളെ തങ്ങളുടെ തൊഴിലാളികളാക്കാനാണ് അവരുടെ ശ്രമം. മാധ്യമങ്ങള്‍ക്ക് നന്നായി ചെയ്യാനാവുന്ന സാഹചര്യം അവിടെയില്ല. കശ്മീരില്‍ പ്രശ്നങ്ങളൊന്നുമില്ല എന്ന് റിപ്പോര്‍ട്ട് ചെയ്യാനാണ് മോദി സർക്കാര്‍ മാധ്യമങ്ങളോട് ആവശ്യപ്പെടുന്നത്. ഇതാണോ ജനാധിപത്യം?’ – മമത ചോദിച്ചു.
കശ്മീരില്‍ സമാധാനം പുലരേണ്ടതുണ്ടെന്നും മമത വ്യക്തമാക്കി.
കശ്മീരികള്‍ നമ്മളില്‍നിന്ന് അകന്നുനില്‍ക്കേണ്ടവരല്ല. അവർ സമാധാനമായി ജീവിക്കുന്നത് കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ പോലും അവിടുത്തെ ജനത ഭീതിയിലാണ്.
അടിസ്ഥാനപരമായ ഭരണഘടനാ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തണമെന്നും മമത സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണെങ്കില്‍ അവകാശങ്ങള്‍ സംരക്ഷിക്കാനായി സമാധാനപരമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ടെന്നും മമതാ ബാനർജി വ്യക്തമാക്കി.