‘ചായവില്‍പനക്കാരന്‍ ഇപ്പോള്‍ റഫാല്‍ വില്‍പനക്കാരനായി’ ; മോദി അഴിമതിക്കാരനെന്ന് തിരിച്ചടിച്ച് മമത

Jaihind Webdesk
Saturday, February 9, 2019

modi mamata

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്താണ് ദീദിക്ക് ചായക്കടക്കാരോട് ഇത്ര ദേഷ്യമെന്ന മോദിയുടെ ചോദ്യത്തിന് ചായവില്‍പനക്കാരന്‍ ഇപ്പോള്‍ റഫാല്‍ വില്‍പനക്കാരനായെന്ന് മമത തിരിച്ചടിച്ചു.

തെരഞ്ഞെടുപ്പിന്‍റെ സമയത്ത് പ്രധാനമന്ത്രി ചായവില്‍പനക്കാരനാണെന്നും എന്നാല്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അദ്ദേഹം റഫാല്‍ വില്‍പനക്കാരനാകുമെന്നും മമത പരിഹസിച്ചു. തന്‍റെ കാലാവധി അവസാനിച്ചതായി മോദിക്ക് മനസിലായി. ബി.ജെ.പിക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസമ്മേളനത്തോടെ മോദി പരിഭ്രാന്തിയിലാണെന്നും മമത പറഞ്ഞു.

ഉത്തര ബംഗാളിലെ പ്ലാന്‍റേഷന്‍ മേഖല ഉള്‍പ്പെടുന്ന ജല്‍പൈഗുരിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ താന്‍ ചായക്കടക്കാരനാണെന്ന് കഥ പറഞ്ഞാണ് മോദി തൊഴിലാളികളെ കയ്യിലെടുക്കാന്‍ നോക്കിയത്. നിങ്ങള്‍ തേയില ഉണ്ടാക്കുന്നവരാണ്, ഞാന്‍ ചായയുണ്ടാക്കുന്നയാളും. ഇവിടുത്തെ ചായ രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ വളരെ ആസ്വദിച്ചാണ് കുടിക്കുന്നത്. ഈ ചായക്കടക്കാരോട് ദീദിക്ക് എന്താണ് ഇത്ര ദേഷ്യം എന്നായിരുന്നു മോദിയുടെ ചോദ്യം. ഇതിനുള്ള മറുപടിയാണ് മമത നല്‍കിയത്.

നരേന്ദ്ര മോദി രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണെന്നും മമതാ ബാനര്‍ജി തുറന്നടിച്ചു. റഫാല്‍ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണെന്ന് പറഞ്ഞ മമത, റഫാലില്‍ കോണ്‍ഗ്രസിന്‍റെ നിലപാടിനോട് യോജിക്കുന്നതായും വ്യക്തമാക്കി.

‘റഫാലില്‍ എത്ര കോടിയുടെ അഴിമതിയാണ് നടന്നതെന്ന് കൃത്യമായി അറിയില്ല. പക്ഷേ തിരശീലയ്ക്ക് പിന്നില്‍ എന്തൊക്കെയോ കള്ളിക്കളികള്‍ നടന്നിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. റഫാല്‍ രാജ്യം കണ്ട ഒരു വലിയ അഴിമതിയാണ്.  റഫാല്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്‍റെ നിലപാടിനോട് ഞാന്‍ യോജിക്കുന്നു’ – മമത ബാനര്‍ജി പറഞ്ഞു.

പ്രധാനമന്ത്രിയെ ‘മിസ്റ്റര്‍ മാഡി’ എന്ന് വിശേഷിപ്പിച്ച മമത, ഇത്രയും അഴിമതിക്കാരനായ ഒരു പ്രധാനമന്ത്രി രാജ്യത്തിന്‍റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും പറഞ്ഞു.

‘ഈ മനുഷ്യനെക്കുറിച്ച് എത്രയും കുറച്ച് സംസാരിക്കുന്നതാണ് നല്ലത്. ‘മി മാഡി’ അഴിമതിയുടെ മാസ്റ്ററാണ്. പ്രധാനമന്ത്രിയാകാനുള്ള യാതൊരു യോഗ്യതയും അദ്ദേഹത്തിനില്ല. ഇദ്ദേഹം രാജ്യത്തിന് അപമാനമാണ്’- മമത തുടര്‍ന്നു.

ബംഗാളില്‍ നടന്ന രാജ്യാന്തര ബിസിനസ് ഉച്ചകോടിയുടെ സമാപനത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിലായിരുന്നു മമതാ ബാനര്‍ജി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.