മല്ലു ഹിന്ദു വാട്‌സ് ആപ്പ് ഗ്രൂപ്പ് വിവാദം ; അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ഇന്ന് സര്‍ക്കാരിന് കൈമാറും

തിരുവനന്തപുരം: വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ മല്ലു ഹിന്ദു വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന വിവാദത്തില് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ഇന്ന് സര്‍ക്കാരിന് കൈമാറും. മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന കണ്ടെത്തലാണ് ഫോറന്‍സിക് പരിശോധനയിലും മെറ്റയുടെ റിപ്പോര്‍ട്ടിലുമുള്ളത്. പൊലീസ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ചീഫ് സെക്രട്ടറി ഗോപാലകൃഷ്ണനോട് വിശദീകരണം തേടും. ഇതിന് പിന്നാലെ ഗോപാലകൃഷ്ണനെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത.

അതേസമയം, മല്ലു ഹിന്ദു വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് തന്റെ ഫോണ്‍ ഹാക്ക് ചെയ്താണെന്ന വ്യവസായ വകുപ്പ് സെക്രട്ടറി കെ ഗോപാലകൃഷ്ണന്റെ പരാതി തള്ളിയിരിക്കുകയാണ് പൊലിസ്. ഫോറന്‍സിക് പരിശോധനയിലോ, മെറ്റയുടെ വിശദീകരണത്തിലോ ഹാക്കിങ് സ്ഥികരിക്കാന്‍ കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ടാണ് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണര്‍ ഡിജിപിക്ക് നല്‍കിയത്. ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്ത് കൈമാറിയതിനാല്‍ തെളിവ് കണ്ടെത്താനായില്ലെന്ന പൊലീസ് കണ്ടെത്തല്‍ ഗോപാലകൃഷ്ണന് തിരിച്ചടിയാകും.

മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തില്‍ കെ ഗോപാലകൃഷ്ണന് കുരുക്കായാണ് പൊലീസ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ രണ്ടു ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് നല്‍കിയിരുന്നു. രണ്ട് ഫോണുകളും ഫോര്‍മാറ്റ് ചെയ്ത് നല്‍കിയതിനാല്‍ പ്രത്യകിച്ചൊന്നും അതില്‍ നിന്ന് കണ്ടെത്താന്‍ കഴിയില്ലെന്നാണ് ഫൊഫോറന്‍സിക് റിപ്പോര്‍ട്ട്. വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ ഇപ്പോള്‍ സജീവമല്ലാത്തിനാല്‍ ഹാക്കിങ് നടന്നിട്ടുണ്ടോ എന്ന് പറയാനാകില്ലെന്നാണ് മെറ്റ നേരത്തെ നല്‍കിയ വിശദീകരണം. രണ്ടു റിപ്പോര്‍ട്ടുകളും ഫലത്തില്‍ ഗോപാലകൃഷ്ണന്റെ വാദം തള്ളുന്നതാണ്.

ഹാക്കിംഗ് തെളിയണമെങ്കില്‍ ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്യാന്‍ പാടില്ലായിരുന്നു. പരാതിക്കാരന്‍ തന്നെ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതിനാല്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ കേസെടുത്ത് അന്വേഷണം നടത്താനാകില്ലെന്നാണ് കമ്മീഷണര്‍ ഡിജിപിയെ അറിയിച്ചത്. പൊലിസ് റിപ്പോര്‍ട്ടിന് ശേഷം ഗോപാലകൃഷ്ണനോട് വിശദീകരണം തേടാനിരിക്കുകയാണ് ചീഫ് സെക്രട്ടറി. ഹാക്കിങ് നടന്നതിന് തെളിവില്ലാത്തിനാല്‍ എന്താണ് സംഭവിച്ചതെന്ന് ഇനി രേഖമൂലം വിശദീകരിക്കേണ്ടത് കെ.ഗോപാലകൃഷ്ണനാണ്. അതിന് ശേഷം സര്‍ക്കാര്‍ തുടര്‍ നടപടിയിലേക്ക് നീങ്ങും.

Comments (0)
Add Comment