പരാജയം മുന്നില്‍ കണ്ട ബിജെപി അവസാന അടവുകള്‍ പയറ്റുന്നു; കേന്ദ്ര സർക്കാരിന്‍റെ ഇഡി നടപടിയില്‍ മല്ലികാർജുന്‍ ഖാർഗെ

 

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അടുത്തതോടെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ്. ബിജെപിയുടെ നടപടി പരാജയ ഭീതിയില്‍ നിന്നാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ പ്രതികരിച്ചു. കേന്ദ്ര ഏജന്‍സികളുടെ സഹായം തേടാതെ നേരിട്ട് തിരഞ്ഞെടുപ്പിനെ നേരിടാന്‍ നരേന്ദ്ര മോദിയോട് പവാന്‍ ഖേര ആവശ്യപ്പെട്ടു. തോല്‍വി മുന്നില്‍ കണ്ടതോടെ ബിജെപിയുടെ പ്രത്യേക തിരഞ്ഞെടുപ്പ് വിഭാഗമായ ‘ഇഡി’ മത്സരിക്കാനിറങ്ങിയിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ് പരിഹസിച്ചു.

“തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സിബിഐയും ഐടിയും ബിജെപിയുടെ പ്രധാന ‘പന്ന പ്രമുഖ്’ ആയി മാറുന്നു. രാജസ്ഥാനിലെ പരാജയം മുന്നില്‍ക്കണ്ട് ബിജെപി അവസാന അടവുകള്‍ പയറ്റുകയാണ്” – ഖാർഗെ എക്സില്‍ (ട്വിറ്റർ) കുറിച്ചു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഛത്തീസ്ഗഢിന് പിന്നാലെ രാജസ്ഥാനിലെ കോൺഗ്രസ് നേതാക്കൾക്കെതിരെയും ഇഡി നടപടി തുടങ്ങിയിട്ടുണ്ട്. മോദി സർക്കാരിന്‍റെ സ്വേച്ഛാധിപത്യം ജനാധിപത്യത്തിന് അപകടകരമാണ്. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെതിരായ പോരാട്ടം തുടരുമെന്നും ബിജെപിക്ക് ജനം ശക്തമായ മറുപടി നൽകുമെന്നും മല്ലികാർജുന്‍ ഖാർഗെ കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജസ്ഥാന്‍ പിസിസി പ്രസിഡന്‍റ് ഗോവിന്ദ് സിംഗ് ദോതസാരയുടെ ഓഫീസില്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്‍റെ മകന്‍ വൈഭവ് ഗെഹലോട്ടിനോട് ചോദ്യം ചെയ്യലിനു ഹാജരാകാനും ഇഡി ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് തങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം അവതരിപ്പിച്ചതിന് തൊട്ടടുത്ത ദിവസമാണ് രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍റെ ഓഫീസിലുള്‍പ്പെടെ ഇഡി പരിശോധന നടത്തിയതെന്ന് മുഖ്യമന്ത്രി അശോക് ഗെഹലോട്ട് പറഞ്ഞു. ഇപ്പോള്‍ തന്‍റെ മകനെതിരെയും ഇഡി തിരിഞ്ഞിരിക്കുകയാണ്. കാരണം സ്ത്രീകൾക്കും പാവപ്പെട്ടവർക്കും കർഷകർക്കും കോൺഗ്രസ് വാഗ്ദാനം ചെയ്ത ഉറപ്പുകൾ ലഭിക്കാൻ ബിജെപി ആഗ്രഹിക്കുന്നില്ല എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് നേതാവ് പവൻ ഖേരയും കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതികരണവുമായി രംഗത്തെത്തി.  “കഴിഞ്ഞ ആഴ്ച അശോക് ഗെഹലോട്ട് ഒരു പത്രസമ്മേളനം നടത്തുകയും കേന്ദ്ര ഏജൻസികളുടെ നടപടികളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇന്ന് വീണ്ടും രാജസ്ഥാനിൽ ഇഡി സജീവമായി. കേന്ദ്ര ഏജൻസികളുടെ സഹായം തേടാതെ മോദിജി നേരിട്ട് തിരഞ്ഞെടുപ്പിനെ നേരിടൂ” – പവന്‍ ഖേര പറഞ്ഞു.

ഇന്ത്യൻ യൂത്ത് കോൺഗ്രസ് അധ്യക്ഷന്‍ ബി.വി. ശ്രീനിവാസും കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. രാജസ്ഥാനിൽ തിരഞ്ഞെടുപ്പിൽ ദയനീയ തോൽവിയുടെ വക്കിലെത്തിയ ബിജെപിയെ രക്ഷിക്കാൻ ബിജെപിയുടെ പ്രത്യേക തിരഞ്ഞെടുപ്പ് വകുപ്പ് വിഭാഗം ‘ഇഡി’ മത്സരരംഗത്തേക്ക് ഇറങ്ങിയിരിക്കുകയാണെന്ന് ശ്രീനിവാസ് പരിഹസിച്ചു. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് ദോതാസരയുടെ വസതിയിൽ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ ഇഡി നടത്തിയ റെയ്ഡ് അങ്ങേയറ്റം ലജ്ജാകരമാണെന്നും ശ്രീനിവാസ് പറഞ്ഞു.

Comments (0)
Add Comment