ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് തുടക്കമായി; മല്ലികാർജുന്‍ ഖാർഗെ ഫ്ലാഗ് ഓഫ് ചെയ്തു

 

ഇംഫാൽ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് തുടക്കമായി. കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പ്രത്യേക വിമാനത്തിൽ മണിപ്പൂരിലെ ഇംഫാലിലെത്തിയ രാഹുല്‍ ഗാന്ധിയും നേതാക്കളും തൗബാലിലെ ഖാൻജോം യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. 66 ദിവസം കൊണ്ട് 15 സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്ര 6713 കിലോമീറ്റർ  പിന്നിട്ട് മുംബൈയിൽ സമാപിക്കും.

ഇന്ത്യാ മുന്നണിയിലെ പാർട്ടികളുടെ നേതാക്കളും ഫ്ലാഗ് ഓഫ് ചടങ്ങിനെത്തി. രാഹുല്‍ ഗാന്ധിക്കൊപ്പം കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ, മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എ. രേവന്ത് റെഡ്ഡി, സുഖ്‌വിന്ദർസിംഗ് സുഖു, പ്രവർത്തക സമിതിയംഗങ്ങൾ, നിയമസഭാ കക്ഷി നേതാക്കൾ തുടങ്ങിയവരടക്കം കോൺഗ്രസിന്‍റെ നേതൃനിര യാത്രയിൽ അണിനിരക്കും. സുരക്ഷാകാരണങ്ങളാൽ സോണിയാ ഗാന്ധി ഉദ്ഘാടന പരിപാടിയില്‍ എത്തിച്ചേർന്നില്ല.

യാത്ര നാളെ നാഗാലാൻഡിൽ പ്രവേശിക്കും. 15 സംസ്ഥാനങ്ങളിലായി 110 ലോക്സഭാ മണ്ഡലങ്ങളിലൂടെയും 337 നിയമസഭാ മണ്ഡലങ്ങളിലൂടെയുമാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര നടക്കുക. 66 ദിവസം കൊണ്ട് മൊത്തം 6713 കിലോമീറ്റർ ആണ് യാത്ര സഞ്ചരിക്കുക.

മണിപ്പൂർ, നാഗാലാൻഡ്, അസം, അരുണാചൽ പ്രദേശ്, മേഘാലയ, ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ 15 സംസ്ഥാനങ്ങളിലിലെ 110 ജില്ലകളിലൂടെ യാത്ര കടന്നുപോകും. ഇന്നുച്ചയ്ക്ക് 12 മണിക്കാണ് ഫ്ലാഗ് ഓഫ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ മൂടൽമഞ്ഞ് കാരണം ഡൽഹി വിമാനത്താവളത്തിൽ നിന്ന് വിമാനം പുറപ്പെടാന്‍ വൈകിയതോടെയാണ് ഉദ്ഘാടന പരിപാടിയും വൈകിയത്.

Comments (0)
Add Comment