എണ്ണൂറോളം കർഷകരുടെ രേഖകള്‍ ശേഖരിക്കാന്‍ മോദി സർക്കാരിന് കഴിവില്ലേ ?; രാജ്യസഭാ പ്രതിപക്ഷ നേതാവ്

Jaihind Webdesk
Wednesday, December 1, 2021

Mallikarjun-Kharge-Loksabha

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ രേഖകള്‍ കൈവശമില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.  കേന്ദ്രത്തിന്‍റെ വാദം രാജ്യത്തെ കര്‍ഷകരെ അപമാനിക്കുന്നതാണ് . കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധത്തിനിടെ 700ലേറെ കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടമായി. എന്നിട്ടും കര്‍ഷകരുടെ മരണം സംബന്ധിച്ച യാതൊരു രേഖകളുമില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് ഏങ്ങനെ പറയാന്‍ സാധിക്കുന്നുവെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിച്ചു.

കേവലം 700 പേരുടെ വിവരങ്ങള്‍ സംബന്ധിച്ച രേഖകള്‍ പോലും സര്‍ക്കാരിന്‍റെ കൈവശമില്ലെങ്കില്‍ കൊവിഡ് മഹാമാരി കാലത്ത് ലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എങ്ങനെ ശേഖരിച്ചുവെന്നും ഖാര്‍ഗെ ചോദിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യത്ത് 50 ലക്ഷത്തിലേറേ പേര്‍ കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ കണക്കുപ്രകാരം മരണസംഖ്യ നാല് ലക്ഷം മാത്രമാണെന്നും ഖാര്‍ഗെ ആരോപിച്ചു.

കര്‍ഷക സമരത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ രേഖകളൊന്നും സര്‍ക്കാരിന്‍റെ പക്കലില്ലെന്നും അതുകൊണ്ടുതന്നെ കര്‍ഷകരുടെ കുടുംബത്തിന് ധനസഹായം നല്‍കുന്ന വിഷയം നിലനില്‍ക്കുന്നില്ലെന്നും കൃഷിമന്ത്രി നരേന്ദ്ര തോമര്‍ ബുധനാഴ്ച പാര്‍ലമെന്‍റില്‍ പറഞ്ഞിരുന്നു. പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന പ്രതിപക്ഷ ആവശ്യത്തിന് നല്‍കിയ മറുപടിയിലായിരുന്നു കൃഷിമന്ത്രിയുടെ പ്രതികരണം. ഇതിനു പിന്നാലെയാണ് കേന്ദ്ര തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തിയത്.