ന്യൂഡല്‍ഹി: ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ എല്ലാവരും വോട്ട് ചെയ്യണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. വോട്ടിംഗ് ബട്ടണില്‍ വിരല്‍ അമര്‍ത്തുന്നതിന് മുമ്പ് വിദ്വേഷത്തിന് പകരം സാഹോദര്യത്തിനും സ്നേഹത്തിനും വേണ്ടിയാണ് വോട്ടു ചെയ്യുന്നതെന്ന് ഓര്‍മ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും എതിരെ വോട്ട് ചെയ്യണം. അല്ലാതെ ചില മുതലാളിമാരെ പണക്കാരാക്കാന്‍ വേണ്ടിയല്ല വോട്ട് രേഖപ്പെടുത്തേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നവര്‍ക്കല്ല മറിച്ച് നമ്മുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാകണം വോട്ടു ചെയ്യേണ്ടതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ എക്സില്‍ കുറിച്ചു.