കേന്ദ്ര ബജറ്റ്; വർണ്ണാഭമായ വാക്കുകളുടെ വിസ്മയം മാത്രമെന്ന് മല്ലികാർജുൻ ഖാർഗെ


നിർമ്മല സീതാരാമൻ അവതരിപ്പിച്ച രണ്ടാം മോദി സർക്കാരിന്‍റെ ഇടക്കാല ബജറ്റ് വർണ്ണാഭമായ വാക്കുകളുടെ വിസ്മയം മാത്രമായിരുന്നെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യത്ത് കഷ്ടപ്പെടുന്നവരുടെ കഷ്ടപ്പാടുകൾ കുറയ്ക്കാൻ ബജറ്റിൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതായും എന്നാൽ എല്ലാ വർഷത്തെയും പോലെ അതുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സർക്കാർ നൽകിയ വാഗ്ദാനങ്ങളിൽ എത്രയെണ്ണം നിറവേറ്റി? എത്രയെണ്ണം അവശേഷിക്കുന്നു? ആ വാഗ്ദാനങ്ങളെക്കുറിച്ച് ബജറ്റിൽ പരാമർശമില്ല. പ്രതിവർഷം 2 കോടി തൊഴിലവസരങ്ങൾ, കർഷകരുടെ വരുമാനം ഇരട്ടിയാക്കൽ , 2022 ഓടെ എല്ലാവർക്കും സ്ഥിരം വീടുകൾ, 100 സ്മാർട്ട് സിറ്റികൾ, തുടങ്ങിയ മുൻനിര വാഗ്ദാനങ്ങളൊന്നും ഇന്നുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

2014-ൽ 4.6% ആയിരുന്ന കാർഷിക വളർച്ചാ നിരക്ക് ഈ വർഷം 1.8% ആയി മാറിയത് എങ്ങനെയാണെന്നും, യുപിഎ കാലത്ത് നമ്മുടെ കാർഷികമേഖല ശരാശരി 4% വളർച്ച നേടിയിരുന്നത് എന്തുകൊണ്ട് പകുതിയായി കുറഞ്ഞെന്നും അദ്ദേഹം ചോദിച്ചു. എന്തുകൊണ്ടാണ് പ്രതിദിനം 31 കർഷകർ ആത്മഹത്യ ചെയ്യാൻ നിർബന്ധിതരായത്? 2014-ൽ മൊത്തം ബജറ്റിന്‍റെ 4.55% ആയിരുന്ന വിദ്യാഭ്യാസ ബജറ്റ് 3.2% ആയി എങ്ങനെ കുറഞ്ഞു? മൊത്തം ബജറ്റിനെ അപേക്ഷിച്ച് എസ് സി, എസ് ടി , ഒബിസി , ന്യൂനപക്ഷ ക്ഷേമത്തിന്‍റെ വിഹിതം തുടർച്ചയായി കുറയുന്നത് എന്തുകൊണ്ട് തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.

ബജറ്റിൽ ഒരു തവണ മാത്രമേ തൊഴിൽ എന്ന് ധനമന്ത്രി പറഞ്ഞിട്ടുള്ളൂ. എന്തുകൊണ്ടാണ് 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ രാജ്യത്ത് ഉണ്ടായതെന്നും  രാജ്യത്തെ 3 കോടിയിലധികം ആളുകളുടെ തൊഴിൽ മോദി സർക്കാർ തട്ടിയെടുത്തത് എന്തിനെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി. കുതിച്ചുയരുന്ന പണപ്പെരുപ്പത്തിൽ ജനങ്ങൾ വിഷമിക്കുകയാണ്. അവശ്യ സാധനങ്ങൾക്ക് 5% മുതൽ 18% വരെ ജി എസ് ടി ചുമത്തി. അടിസ്ഥാന ഭക്ഷണസാധനങ്ങളായ മൈദ, പയർ, അരി, പാൽ, പച്ചക്കറി എന്നിവയുടെ വിലകൾ ഇരട്ടിയാക്കി.

Comments (0)
Add Comment