മലേഗാവ് സ്ഫോടനക്കേസ്: ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗും കൂട്ടുപ്രതികളും ആഴ്ചയിലൊരിക്കല്‍ NIA കോടതിയില്‍ ഹാജരാകണം

Jaihind Webdesk
Friday, May 17, 2019

Pragya-Singh-Thakur

മലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രഗ്യാ സിംഗ് താക്കൂറും കൂട്ടുപ്രതികളും ആഴ്ചയിലൊരിക്കല്‍ ഹാജരാകണമെന്ന് മുംബൈ എന്‍.ഐ.എ കോടതി. ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് താക്കൂറും ലഫ്റ്റനന്‍റ്  കേണല്‍ പുരോഹിതും ഉള്‍പ്പെടെ മലേഗാവ് സ്‌ഫോടനക്കേസില്‍ ഏഴ് പ്രതികളാണുള്ളത്. കോടതിയില്‍ ഹാജരാവാത്തതിന് പ്രതികള്‍ ഉന്നയിച്ച കാരണങ്ങള്‍ തൃപ്തികരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മെയ് 20 ന് കേസ് വീണ്ടും പരിഗണിക്കും.

2008 സെപ്റ്റംബര്‍ 29ന് മലേഗാവില്‍ നടന്ന രണ്ട് സ്‌ഫോടനങ്ങളിലായി ആറ് പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തീവ്രഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരതാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് കണ്ടെത്തിയിരുന്നു. പ്രഗ്യാ സിംഗ് ഉള്‍പ്പെടെയുള്ള ഏഴ് പ്രതികള്‍ക്കെതിരെ എന്‍.ഐ.എ കോടതി തീവ്രവാദ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നു. കേണല്‍ പുരോഹിത്, പ്രഗ്യാ സിംഗ്, മേജര്‍ രമേശ് ഉപധ്യായ്, സമീര്‍ കുല്‍ക്കര്‍ണി, അജയ് രാഹിര്‍ക്കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി എന്നിവരാണ് കേസിലെ പ്രതികള്‍.

മോട്ടോര്‍ സൈക്കിളില്‍ വെച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. 2018ല്‍ തന്നെ പ്രഗ്യാ സിംഗ് ഉള്‍പ്പെടെയുള്ള പ്രധാന പ്രതികളെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ കോടതിയില്‍ ഹാജരാകാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ആഴ്ചയിലൊരിക്കല്‍ ഹാജരാകണമെന്നും മുംബൈ എന്‍.ഐ.എ കോടതി ഉത്തരവിട്ടു.

teevandi enkile ennodu para