പട്ടയം ആവശ്യപ്പെട്ട് മലയോര കർഷക സമിതിയുടെ കുത്തിയിരിപ്പ് സമരം

Jaihind Webdesk
Thursday, May 30, 2019

പട്ടയം നൽകണമെന്ന് ആവശ്യപ്പെട്ട് മലയോര കർഷക സമിതിയുടെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലാ കലക്ടറുടെ ചേംബറിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. കർഷകസമിതി നേതാക്കളുമായി നടത്തിയ ചർച്ചയിൽ ഒരു വർഷത്തിനകം പട്ടയം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.

രാവിലെ 11മണിയോടുകൂടിയാണ് മലയോര കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ ടിവി അനുപമയുടെ ചേമ്പറിന് പുറത്ത് കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ഉപരോധ സമരം ഉണ്ടാകുമെന്ന വിവരം കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷയാണ് കളക്ട്രേറ്റ് പരിസരത്തു ഒരുക്കിയിരുന്നത്.

എന്നാല്‍ കൂട്ടമായെത്തുമെന്ന് കരുതിയ സമരക്കാര്‍ ഒന്നൊന്നായി കളക്ട്രേറ്റിനകത്ത് പ്രവേശിക്കുകയായിരുന്നു. പട്ടയം നല്‍കാമെന്ന് പറഞ്ഞ് അറുപത് വര്‍ഷമായി സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് പറഞ്ഞാണ് 500 ഓളം പേര്‍ കുത്തിയിരിപ്പ് സമരത്തിൽ പങ്കെടുത്തത് . സമരം ശക്തമാക്കിയതോടെ പോലീസ് എത്തി സമവായത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് മലയോര കര്‍ഷക സമിതി നേതാക്കളുമായി ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തി. വിഷയത്തില്‍ പരിഹാരം കാണുമെന്ന സമരസമിതി നേതാക്കള്‍ക്ക് കളക്ടര്‍ ഉറപ്പ് നല്‍കിയതിനെതുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

ഒല്ലൂര്‍ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പീച്ചി, പയ്യനം, മാന്നാമംഗലം, മരോട്ടിച്ചാല്‍, ചെന്നായിപ്പാറ, വട്ടപ്പാറ തുടങ്ങിയ പ്രദേശങ്ങളില്‍ കർഷകരാണ് സമരത്തിൽ പങ്കെടുത്തത്. കളക്ടര്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്ക്നാണ് മലയോര കര്‍ഷക സമിതിയുടെ തീരുമാനം.