യുപിയില്‍ മലയാളി നഴ്‌സ് കൊവിഡ് ബാധിച്ച് മരിച്ചു ; ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍

Jaihind Webdesk
Thursday, May 13, 2021

ലക്‌നൗ: യുപിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ മലയാളി നഴ്‌സ് കൊവിഡ് ബാധിച്ച് മരിച്ചു. ചികിത്സ ലഭിക്കാതെയാണ്  രഞ്ചു മരിച്ചതെന്ന് ബന്ധുക്കൾ അരോപിച്ചു. കഴിഞ്ഞ മാസമാണ് രഞ്ചു യു.പിയിൽ നഴ്സായി ജോലിയിൽ പ്രവേശിച്ചത്. കൊവിഡ് പോസിറ്റീവായതോടെ ഏപ്രിൽ 17ന് ജോലി ചെയ്യുന്ന അതേ ആശുപത്രിയിൽ തന്നെ ചികിത്സ തേടി. പിന്നീട് കൊവിഡ് നെഗറ്റീവായെങ്കിലും ന്യുമോണിയ ബാധയെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായി. ബുധനാഴ്ച വൈകിട്ടോടെ മരണം സംഭവിച്ചു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദ്യദിവസം മരുന്ന് നൽകിയതിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞാണ് ഡോക്ടർ പരിശോധയ്ക്കായി എത്തിയതെന്നും കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും രഞ്ചു സഹോദരിക്ക് അയച്ച വാട്സാപ്പ് സന്ദേശത്തിൽ പറയുന്നു. നാട്ടിലെത്തിക്കണമെന്നും ചികിത്സ നാട്ടിൽ മതിയെന്നും മുഖ്യമന്ത്രിയെ കാര്യങ്ങള്‍ അറിയിക്കണമെന്നും മരണത്തിന് മുമ്പ് രഞ്ചു ആവശ്യപ്പെട്ടിരുന്നു.