കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസിന് മലബാര്‍ ഗോള്‍ഡ് : ആദ്യ വിമാനത്തില്‍ മടങ്ങിയത് 171 പേര്‍

ദുബായ് : പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്, ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ വഴി, അഞ്ഞൂറോളം വരുന്ന ടീം അംഗങ്ങളെ വിവിധ ഘട്ടങ്ങളിലായി നാട്ടില്‍ എത്തിക്കും. 171 യാത്രക്കാരുമായുള്ള ആദ്യത്തെ ചാര്‍ട്ടേര്‍ഡ് വിമാനം ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് പറന്നു. ദുബായിലെ കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ വിപുല്‍ , മലബാര്‍ ഗോള്‍ഡ് ഇന്‍റര്‍നാഷണല്‍ ഓപ്പറേഷന്‍സ്, മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് എന്നിവര്‍ ചേര്‍ന്ന് ടിക്കറ്റുകള്‍ സമ്മാനിച്ചു.

മലബാര്‍ ഗോള്‍ഡിലെ ജീവനക്കാരെയും, അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇന്ത്യയില്‍ സുരക്ഷിതമായി എത്തിക്കാനാണ് ഈ നടപടി. കേരളത്തിന് പുറമേ, തമിഴ്നാട്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാനുള്ള പദ്ധതിയുണ്ട്. ഷാര്‍ജ കേന്ദ്രമായ എയര്‍ അറേബ്യയാണ് ചാര്‍ട്ടേര്‍ഡ് വിമാനം പ്രവര്‍ത്തിപ്പിച്ചത്. 25 കുട്ടികളടക്കം, 171 അംഗങ്ങളാണ്  ആദ്യ വിമാനത്തില്‍ പറന്നത്.

“കൂടുതല്‍ വിമാനങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് കോണ്‍സല്‍ ജനറല്‍ “

ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഇന്ത്യയിലേക്ക് മടക്കി അയയ്ക്കാന്‍  ചാര്‍ട്ടേര്‍ഡ് വിമാനം ഒരുക്കാന്‍  മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മുന്‍കൈ എടുത്തതില്‍ സന്തോഷം ഉണ്ടെന്ന്, കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ  വിപുല്‍ പറഞ്ഞു. യുഎഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ താല്‍പ്പര്യപ്പെടുന്ന നിരവധി ഇന്ത്യക്കാരുണ്ട്. ഇവരെ തിരികെ പോകാനുള്ള വിമാനങ്ങളുടെ എണ്ണം ക്രമേണ വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്‍റ് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് കാത്തിരിക്കുകയാണെന്നും വിപുല്‍ പറഞ്ഞു.

“ആഘാതം കുറയ്ക്കുക ലക്ഷ്യമെന്ന് ” – ഷംലാല്‍ അഹമ്മദ്

കൊവിഡ് മൂലമുള്ള ഈ പ്രയാസകരമായ സാഹചര്യങ്ങളില്‍ ഞങ്ങളുടെ ടീം അംഗങ്ങള്‍ക്കും , അവരുടെ കുടുംബങ്ങള്‍ക്കും അവരവരുടെ സ്വദേശത്തേക്ക് മടങ്ങാന്‍ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്‍റെ ഇന്‍റര്‍നാഷണല്‍ ഓപ്പറേഷന്‍സ് എംഡിയായ ഷംലാല്‍ അഹമ്മദ് പറഞ്ഞു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്‍റെ ഇന്‍റര്‍നാഷണല്‍ ഓപ്പറേഷനുകളുടെ നടത്തിപ്പിന്‍റെ ഭാഗമായും, ബിസിനസ്സില്‍ നേരിടുന്ന തടസ്സങ്ങളുടെ ആഘാതം കുറയ്ക്കുന്നതിന്‍റെയും, അവ പങ്കാളികളെയും,  ജീവനക്കാരെയും ബാധിക്കാതിരിക്കാനുമാണെന്നും ഷംലാല്‍ പറഞ്ഞു. ഇതിന്‍റെ ഭാഗമായി പെര്‍ഫോമന്‍സ് കുറഞ്ഞ സ്റ്റോറുകള്‍ അടയ്ക്കാനും, ഘട്ടം ഘട്ടമായി അവ പുനരാരംഭിക്കാനും, സ്റ്റോറുകളിലെ കപ്പാസിറ്റി കുറയ്ക്കാനും, ജിവനക്കാരുടെ എണ്ണം, ശമ്പളം എന്നിവ കുറയ്ക്കാനും തീരുമാനം എടുത്തിട്ടുണ്ട്. ഓര്‍ഗനൈസേഷനിലെ എല്ലാ സ്റ്റേക്ക് ഹോള്‍ഡറുമാരേയും കൂടി കണക്കിലെടുത്താണ് ഈ തീരുമാനങ്ങള്‍ എടുത്തിട്ടുള്ളത്. കമ്പനിയുടെ ചെലവില്‍ ടീം അംഗങ്ങള്‍ക്ക് സുരക്ഷിതമായും വേഗത്തിലും സ്വദേശത്തേക്ക് പോകാനുള്ള സൗകര്യങ്ങള്‍ നല്‍കാനുള്ള തീരുമാനവും ഇതിന്‍റെ ഭാഗമാണെന്നും ഷംലാല്‍ കൂട്ടിച്ചേര്‍ത്തു.

“ഇന്ത്യയില്‍ ഈ വര്‍ഷം 18 പുതിയ സ്റ്റോറുകള്‍ തുറക്കുമെന്ന് “- കെ.പി. അബ്ദുള്‍ സലാം

പ്രായമായവര്‍, ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍, കുടുംബം ഒപ്പമുള്ള ടീം അംഗങ്ങള്‍, ജോലി നഷ്ടപ്പെട്ടവര്‍, അല്ലെങ്കില്‍ ദീര്‍ഘനാളത്തേയ്ക്ക് അവധി തിരഞ്ഞെടുത്തവര്‍ എന്നിവര്‍ക്കാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ മുന്‍ഗണന നല്‍കുന്നത് എന്ന് മലബാര്‍ ഗ്രൂപ്പിന്‍റെ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി. അബ്ദുള്‍ സലാം പറഞ്ഞു. ഈ വര്‍ഷം ഇന്ത്യയിലുടനീളം 18 പുതിയ സ്റ്റോറുകള്‍ തുറക്കും. ഇന്‍റര്‍നാഷണല്‍ ഓപ്പറേഷനില്‍ നിന്ന് ജോലി നഷ്ടപ്പെട്ട  ടീം അംഗങ്ങള്‍ക്ക് പുതിയ സ്റ്റോറുകളില്‍ ജോലിയ്ക്ക് മുന്‍ഗണന നല്‍കുമെന്നും സലാം പറഞ്ഞു.

Chartered FlightsMalabar Gold
Comments (0)
Add Comment