‘ടോർച്ചടിച്ചും കയ്യടിച്ചും കൊറോണയെ തുരത്താനാവില്ല, പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം’ : രാഹുല്‍ ഗാന്ധി

Jaihind News Bureau
Saturday, April 4, 2020

കൊവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേന്ദ്രത്തെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രം ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്ത് മതിയായ പരിശോധനകള്‍ നടക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘കൊവിഡ്-19 നെതിരെ പോരാടുന്നതിനായി രാജ്യത്ത് വേണ്ടത്ര പരിശോധനകള്‍ പോലും നടത്തുന്നില്ല. ആളുകളെ കൊണ്ട് കൈയടിപ്പിക്കുന്നതും, ആകാശത്തേക്ക് ടോര്‍ച്ച് പ്രകാശിപ്പിക്കുന്നതും പ്രശ്‌നം പരിഹരിക്കാനാവില്ല’ – രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

വിവിധ രാജ്യങ്ങളില്‍ നടത്തുന്ന കൊവിഡ് പരിശോധനയുടെ ഗ്രാഫും രാഹുല്‍ ഗാന്ധി പുറത്തുവിട്ടു. പത്ത് ലക്ഷം പേരില്‍ വെറും 29 പേരെ മാത്രമാണ് ഇന്ത്യയില്‍ കൊവിഡ്-19 പരിശോധനക്ക് വിധേയമാക്കുന്നത്. ദക്ഷിണ കൊറിയയില്‍ പത്ത് ലക്ഷം പേരില്‍ 7,622 പേര്‍ക്ക് രോഗപരിശോധന നടത്താനാകുന്നുണ്ട്. ഇറ്റലിയില്‍ 7122 പേരിലും ജർമനിയില്‍ 5812 പേരിലും പരിശോധന നടത്തുന്നുണ്ട്. പാകിസ്ഥാനില്‍ പത്ത് ലക്ഷം പേരില്‍ 67 പേർക്ക് പരിശോധനകള്‍ നടത്തുമ്പോള്‍ ഇന്ത്യയില്‍ ഇത് വെറും 23 പേരില്‍ മാത്രമാണ് നടത്താനാകുന്നതെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടുന്നു.