കൊച്ചി : ഇരട്ട വോട്ട് വിവാദത്തിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന് ഉറപ്പുവരുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിർദ്ദേശിച്ചു. ഇരട്ട വോട്ടുകൾ മരവിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ജനങ്ങളുടെ അവകാശത്തെ സംബന്ധിച്ച് ആശങ്കകൾ ഉയർത്തുന്ന വിഷയമായതിനാൽ ഗൗരവത്തോടെയാണ് ഇരട്ട വോട്ട് വിഷയത്തെ സമീപിക്കുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇരട്ട വോട്ടുള്ളവർ ഒരു വോട്ടു മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന് ഉറപ്പു വരുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി നിർദ്ദേശിച്ചു.
ഒരാൾ വിലാസം മാറി പുതിയ വിലാസത്തിൽ വോട്ടു ചെയ്യുന്നതിന് അപേക്ഷ നൽകുമ്പോൾ പഴയ വിലാസത്തിലുള്ള വോട്ടു തനിയെ ഇല്ലാതായി പോകുന്ന സംവിധാനമില്ലേ എന്ന് ഹൈകോടതി തെരഞ്ഞെടുപ്പു കമ്മിഷനോട് ആരാഞ്ഞു. ഇക്കാര്യത്തിന്‍റെ വിശദാംശങ്ങൾ നൽകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇരട്ട വോട്ടുകൾ പോൾ ചെയ്യുന്നത് തടയാൻ ഇതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ കോടതിയിൽ ബോധിപ്പിച്ചു. ഒരാൾ ഒന്നിലധികം വോട്ടുകൾ ചെയ്യുന്നതു തടയുന്നതിനു കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വരും ദിവസങ്ങളിൽ ഇതിൽ തുടർ നടപടികൾ ഉണ്ടാകുമെന്നും കമ്മീഷൻ കോടതിയിൽ അറിയിച്ചിട്ടുണ്ട്. അതേസമയം വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ നാളെ വരെ സമയം അനുവദിക്കണം എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ആവശ്യം അംഗീകരിച്ച കോടതി കേസ് നാളെ പരിഗണിക്കുന്നതിനുവേണ്ടി മാറ്റിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിലെ ഇരട്ട വോട്ടുകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായത്.
ഇരട്ട വോട്ടിനെതിരെ അഞ്ച് വട്ടം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടും തുടർ നടപടിയുണ്ടായില്ലെന്നും കോടതി ഇടപെടണമെന്നുമാവശ്യപ്പെട്ടുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ ഹർജി നൽകിയത്. വ്യാജവോട്ട് ചേര്‍ക്കാൻ കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷൻ നടപടി വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ 131 നിയമസഭാ മണ്ഡലങ്ങളിലായി 4,34,042 വ്യാജവോട്ടുകളോ, ഇരട്ട വോട്ടുകളോ ഉണ്ടെന്നാണ് രമേശ് ചെന്നിത്തല ഹര്‍ജിയിൽ വ്യക്തമാക്കിയിരുന്നത്.