മകരസംക്രമ സന്ധ്യയിൽ മകരവിളക്ക് തൊഴുത് ഭക്തജന ലക്ഷങ്ങൾ

Jaihind News Bureau
Wednesday, January 15, 2020

മകരസംക്രമ സന്ധ്യയിൽ ഭക്തജന ലക്ഷങ്ങൾ ശബരിമല സന്നിധാനത്ത് മകരവിളക്ക് തൊഴുതു. പൊന്നമ്പല മേട്ടിൽ തെളിഞ്ഞ മകരജ്യോതി ദർശിച്ച് ആത്മസായൂജ്യമടഞ്ഞാണ് ഭക്തർ സന്നിധാനത്ത് നിന്നും മടങ്ങിയത്.

പൊന്നമ്പല മേട്ടിൽ മൂന്ന് തവണ മകര ജ്യോതി മിന്നി മറിഞ്ഞപ്പോൾ ഭക്ത ലക്ഷങ്ങളുടെ ചുണ്ടുകളിൽ ശരണം വിളി ഉയർന്നു. ശരണം വിളികൾ പൂങ്കാവനത്തിന് ചുറ്റുമുള്ള 18 മലകളെയും തഴുകി. വൈകിട്ട് 5.30 ഓടെ മരക്കൂട്ടത്ത് എത്തിയ തിരുവാഭരണ ഘോഷയാത്രയെ എക്സിക്യൂട്ടീവ് ഓഫീസർ വി.എസ്.രാജേന്ദ്രപ്രസാദിന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും അയ്യപ്പസേവ സംഘം പ്രവർത്തകരും സ്വീകരിച്ചാനയിച്ചു. തിരുവാഭരണവും വഹിച്ച് കൊണ്ടുള്ള ഘോഷയാത്ര ആറ് മുപ്പതോടെ പതിനെട്ടാം പടികയറിയപ്പോൾ തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി അരീക്കര സുധീർ നമ്പൂതിരിയും ചേർന്ന് തീരുവാഭരണങ്ങൾ ഏറ്റ് വാങ്ങി. തുടർന്ന് ശ്രീകോവിലിനുള്ളിലെ അയ്യപ്പവിഗ്രഹത്തിൽ തിരുവാഭരണങ്ങൾ ചാർത്തി

ദീപാരാധന കഴിഞ്ഞതോടെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു.

https://www.facebook.com/JaihindNewsChannel/videos/494848817837944/

ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ഭക്തർ മകര ജ്യോതി ദർശിച്ചു. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കണ്ട് വണങ്ങി യാണ് ഭക്തർ മലയിറങ്ങിയത്.