പഞ്ചാബിലെ അമൃത്സറില്‍ ദസറയോടനുബന്ധിച്ചു രാവണന്‍റെ രൂപം കത്തിക്കുന്ന ചടങ്ങു നോക്കി പാളത്തിൽ നിന്നവർക്കിടയിലേക്കു ട്രെയിൻ ഇടിച്ചു കയറി അമ്പതിലേറെ പേർ മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് അമൃത്സറിനടുത്ത് ജോധ ഫടക്ക് മേഖലയിൽ ചൗര ബസാറിലായിരുന്നു വൻ ദുരന്തമുണ്ടായത്. പഠാൻകോട്ടിൽനിന്ന് അമൃത്സറിലേക്ക് വന്ന 74943 നമ്പർ ജലന്തർ എക്‌സ്പ്രസാണ് അൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറിയത്. പടക്കം പൊട്ടുന്ന ശബ്ദം കാരണം ആരും ട്രെയിൻ വരുന്നത് അറിഞ്ഞില്ല. നൂറിലേറെ പേർ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. 500-700 പേർ പാളങ്ങളിലുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. പാളത്തിൽ കയറി ഒട്ടേറെ പേർ മൊബൈലുകളിൽ കോലം കത്തിക്കൽ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.
പ്രദേശത്ത് മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന നിലയിലാണ്. കോലം കത്തിക്കുന്നതിനിടെ പരിസരം മുഴുവൻ പടക്കങ്ങൾ ചിതറിത്തെറിച്ചിരുന്നു. ഇതിനിടെ ഓടി മാറാൻ ശ്രമിച്ചവരും പാളത്തിലേക്കാണു കടന്നത്. ഇതായിരിക്കാം അപകട കാരണമെന്നും പറയപ്പെടുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്കു മാറ്റിയിട്ടുണ്ട്. പാളത്തിലേക്ക് ആരും കടക്കാതിരിക്കാൻ സമീപത്തെ റെയിൽവേ ഗേറ്റ് അടച്ചിട്ടിരുന്നു. ഇതും ആൾക്കൂട്ടം ചാടിക്കടന്നതാണ് ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടിയത്.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തിൽ അദ്ദേഹം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് സൌജന്യ ചികിത്സ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അപകട സ്ഥലത്തേക്ക് മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും സംഘത്തെ അയച്ചിട്ടുണ്ട്.