യോഗി ആദിത്യനാഥ് ഉന്നാവോ പെണ്‍കുട്ടിയുടെ പരാതി അവഗണിച്ചു; ബി.ജെ.പിക്ക് തിരിച്ചടിയായി സി.ബി.ഐ കണ്ടെത്തല്‍

ഉന്നാവോ കേസില്‍ ബി.ജെ.പിക്ക് തിരിച്ചടിയായി സി.ബി.ഐ കണ്ടെത്തല്‍. ഇരയായ പെണ്‍കുട്ടിയുടെ പരാതി ശരിയാണെന്ന് സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കി. പെണ്‍കുട്ടിയും കുടുംബവും നല്‍കിയ പരാതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരിഗണിച്ചില്ലെന്ന ഗുരുതരമായ വസ്തുതയും സി.ബി.ഐ കോടതിയെ അറിയിച്ചു.

കേസ് വിചാരണയ്ക്കിടെ ഡല്‍ഹി തീസ് ഹസാര്‍ കോടതിയിലായിരുന്നു സി.ബി.ഐ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ബി.ജെ.പി എം.എല്‍.എക്കെതിരെ പെണ്‍കുട്ടി നല്‍കിയ പീഡന പരാതി ശരിയാണെന്ന് വ്യക്തമായതായി സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കി. ബി.ജെ.പി  എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാർ ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു പെണ്‍കുട്ടിയുടെ പരാതി. സെന്‍ഗാർ പീഡിപ്പിച്ചതായി കാണിച്ച് നല്‍കിയ പരാതിയും, തുടര്‍ന്ന് തനിക്കും കുടുംബത്തിനും എം.എല്‍.എയില്‍ നിന്ന് ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് നല്‍കിയ പരാതിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തള്ളിക്കളഞ്ഞെന്ന ഗുരുതരമായ കണ്ടെത്തലും സി.ബി.ഐ കോടതിയെ അറിയിച്ചു. ഇതോടെ ബി.ജെ.പി നേതൃത്വം വെട്ടിലായിരിക്കുകയാണ്.

നേരത്തെ ലഖ്‌നൗ കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ പെണ്‍കുട്ടിയുടെ ആരോപണത്തെ ശരിവെക്കുന്നതായിരുന്നുവെന്ന് സി.ബി.ഐ, തീസ് ഹസാർ കോടതിയില്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ പിതാവിനെതിരെ വ്യാജ കേസ് എടുത്തു, എം.എല്‍.എയുടെ സഹോദരനും സംഘവും ചേര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയില്‍ ക്രൂരമായി മർദിച്ചു തുടങ്ങിയ കാര്യങ്ങളും സി.ബി.ഐ ശരിവെച്ചു. കസ്റ്റഡി മർദനത്തെ തുടര്‍ന്നാണ് ഇദ്ദേഹം കൊല്ലപ്പെടുന്നത്.

പെണ്‍കുട്ടിയുടെ പിന്നാലെ ബി.ജെ.പി എം.എല്‍.എ സെന്‍ഗാറിന്‍റെ ഗുണ്ടാസംഘം ഉണ്ടായിരുന്നു എന്ന പരാതിയെ സാധൂകരിക്കുന്ന കണ്ടെത്തലുകളാണ് ഉണ്ടാകുന്നത്. തന്‍റെയും കുടുംബാംഗങ്ങളുടെയും ജീവന് ഭീഷണി ഉണ്ടെന്ന പെണ്‍കുട്ടിയുടെ പരാതി തള്ളിക്കളയുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചെയ്തതിലൂടെ സെന്‍ഗറിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നതും വ്യക്തമായി. ബി.ജെ.പിയെ തീര്‍ത്തും പ്രതിരോധത്തിലാക്കുന്ന കണ്ടെത്തലുകളാണ് സി.ബി.ഐ നടത്തിയത്.

അതേസമയം പെണ്‍കുട്ടിയുടെ സുരക്ഷിതത്വത്തില്‍ കോടതി ഇന്നലെ ആശങ്ക രേഖപ്പെടുത്തി. കോടതിനിര്‍ദേശപ്രകാരം ഇതേക്കുറിച്ചുള്ള രഹസ്യ റിപ്പോര്‍ട്ട് സി.ബി.ഐ കോടതിക്ക് കൈമാറി. വാഹനാപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടേയും അഭിഭാഷകന്‍റെയും നില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ജൂലൈ 28നാണ് അപകടമുണ്ടായത്. പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ ഈ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.

yogi adithyanathunnao
Comments (0)
Add Comment