മധ്യപ്രദേശില്‍ ബി.ജെ.പിക്ക് തിരിച്ചടി; രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍ കമല്‍നാഥ് സര്‍ക്കാരിന് വോട്ട് ചെയ്തു

Jaihind Webdesk
Wednesday, July 24, 2019
Kamal-Nath

കമല്‍നാഥ് സര്‍ക്കാരിനെ ഒരു ദിവസംകൊണ്ട് താഴെയിറക്കാന്‍ കഴിയുമെന്ന് ഭീഷണി മുഴക്കിയ ബി.ജെ.പിക്ക് തിരിച്ചടി നല്‍കിക്കൊണ്ട് രണ്ട് ബി.ജെ.പി എം.എല്‍.എമാർ കോണ്‍ഗ്രസ് സർക്കാരിന് വോട്ട് ചെയ്തു. നിയമസഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടു വന്ന ക്രിമിനല്‍ ഭേദഗതി ബില്ലിനെ അനുകൂലിച്ചാണ് രണ്ട് ബി.ജെ..പി എം.എല്‍.എമാര്‍ വോട്ടു ചെയ്തത്.

122 വോട്ടുകള്‍ സര്‍ക്കാരിന് അനുകൂലമായി ലഭിച്ചപ്പോള്‍ 108 വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്. തങ്ങള്‍ ന്യൂനപക്ഷ സര്‍ക്കാരാണെന്നും എപ്പോള്‍ വേണമെങ്കിലും താഴെ വീഴുമെന്നും എല്ലാ ദിവസവും ബി.ജെ.പി പറയാറുണ്ട്. പക്ഷെ ഇന്ന് സഭയില്‍ രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍ ഞങ്ങള്‍ക്ക് അനുകൂലമായി വോട്ടു ചെയ്തു. എന്റെ സര്‍ക്കാര്‍ ന്യൂനപക്ഷ സര്‍ക്കാരല്ലെന്ന് തെളിയിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു.

ബി.ജെ.പി.യിലെ നമ്പര്‍ വണ്ണും, നമ്പര്‍ ടൂവും ഞങ്ങള്‍ക്ക് അനുകൂലമായ സിഗ്‌നല്‍ നല്‍കിയാല്‍ മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരും 24 മണിക്കൂറിനുള്ളില്‍ താഴെവീഴുമെന്ന് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ ഇന്ന് ഭീഷണി മുഴക്കി മണിക്കൂറുകള്‍ക്ക് പിന്നാലെയായിരുന്നു രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തത്.ബി.ജെ.പിയുടെ ഭീ ഷണിക്ക് മുഖ്യമന്ത്രി കമല്‍നാഥ് സഭയില്‍ തക്ക മറുപടിയും നല്‍കിയിരുന്നു. വെറുതെ നിന്ന് പ്രസംഗിക്കാതെ ധൈര്യമുണ്ടെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ അദ്ദേഹംബി.ജെ.പിയെ വെല്ലുവിളിച്ചിരുന്നു.