കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ക്ലിഫ് ഹൗസില്‍ പണിക്കായി ടെൻഡർ; ചുറ്റുമതിലിന് ഉയരം കൂട്ടും

Jaihind News Bureau
Friday, October 30, 2020

മുഖ്യമന്ത്രിയുടെ ഔദ്യാഗിക വസതിയായ ക്ലിഫ് ഹൗസ് കോമ്പൗണ്ടിന്‍റെ ചുറ്റ് മതിലിന് ഉയരം കൂട്ടുന്നു. കൊവിഡ് കാലത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് നടപടി. ഇതിനായി പി.ഡബ്ല്യു.ഡി ടെൻഡർ വിളിച്ചു.

https://youtu.be/FELA-BJOaaM

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ക്ലിഫ് ഹൗസ് കോമ്പൗണ്ടിൻ്റെ ചുറ്റ് മതിലിന് ഉയരം കൂട്ടാനും മുറിഞ്ഞു പോയ മുള്ള് വേലികൾ പുനസ്ഥാപിക്കാനും സർക്കാർ ഒരുങ്ങുന്നത്. ഇതിനായി പി.ഡബ്ല്യൂ.ഡി ടെൻഡർ വിളിച്ചു. ഡി.ജി.പി കൈമാറിയ കത്ത് പ്രകാരം സ്ഥലം സന്ദർശിച്ച് 2 ലക്ഷത്തിലധികം രൂപയാണ് ടെൻഡറിനായി PWD നിജപ്പെടുത്തിയിരിക്കുന്നത്. ക്ലിഫ് ഹൗസിന്‍റെ പ്രധാന കവാടത്തിന് സമീപത്തുള്ള ചുറ്റുമതിലിന് ഉയരം കുറവാണെന്ന കാരണം കാട്ടിയാണ് ഈ നീക്കം. പണി ചെയ്തു തീർക്കാൻ രണ്ടുമാസം സമയമാണ് ടെൻഡറിൽ നൽകിയിട്ടുള്ളത്. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇത്തരമൊരു ടെൻഡർ വിളിക്കാൻ കാരണം പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം ആണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സ്വർണക്കടത്ത് കേസിലും അന്താരാഷ്ട്ര മാനങ്ങളുള്ള മറ്റു പല കേസുകളിലും ഇടതുസർക്കാർ പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിൽ ഭരണ സിരാ കേന്ദ്രത്തിലേക്ക് ഇരമ്പുന്ന പ്രതിഷേധങ്ങൾ വരുംദിവസങ്ങളിൽ കൂടുതൽ ആവേശത്തോടെ ക്ലിഫ് ഹൗസിലേക്കുമുണ്ടായാൽ ക്ലിഫ് ഹൗസ് കോമ്പൗണ്ടിന്‍റെ ഉയരം കൂട്ടുന്നത് പ്രതിഷേധങ്ങൾ തടയാൻ പൊലീസിന് സഹായകരമാകുമെന്നാണ് പോലീസിന്‍റെ വിലയിരുത്തൽ.