മൈനാഗപ്പള്ളി വാഹനാപകടം; അജ്മലിനെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസ്; ഡോ ശ്രീക്കുട്ടിക്കെതിരെ നടപടിയെടുത്ത് ആശുപത്രി; ഡോക്ടറും പ്രതിയാകും

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ട് കാര്‍ കയറ്റിക്കൊന്ന കേസില്‍ പിടിയിലായ അജ്മലിനെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസ്. അജ്മലും ഒപ്പമുണ്ടായിരുന്ന ഡോക്ടര്‍ മായ ശ്രീക്കുട്ടിയും മദ്യലഹരിയിലായിരുന്നെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. അജ്മലിനൊപ്പം വനിതാ ഡോക്ടര്‍ കൂടി പ്രതിയാകും. നാട്ടുകാര്‍ പറയുന്നത് അനുസരിച്ച് ഡോക്ടറാണ് കാര്‍ മുന്നോട്ടെടുക്കാന്‍ അജ്മലിനെ പ്രേരിപ്പിച്ചത്. പ്രേരണാക്കുറ്റത്തിനാകും ഡോക്ടര്‍ പ്രതി ചേര്‍ക്കപ്പെടുന്നത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും കേസ് എടുത്തിട്ടുണ്ട്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ സ്വമേധയാ കേസെടുത്തത്. അതേസമയം ജോലി ചെയ്യുന്ന കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയില്‍ നിന്നും ഡോക്ടറെ പുറത്താക്കിയിട്ടുണ്ട്.

തിരുവോണ ദിവസമായ ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത്. തെറ്റായ ദിശയിലൂടെ വന്ന കാര്‍ ആണ് സ്‌കൂട്ടറില്‍ ഇടിച്ചത്. സ്‌കൂട്ടര്‍ യാത്രികരായ ഫൗസിയയും കുഞ്ഞുമോളും റോഡിലേക്ക് തെറിച്ചുവീണു. കാര്‍ നിര്‍ത്തിയിരുന്നെങ്കില്‍ കുഞ്ഞുമോള്‍ രക്ഷപ്പെടുമായിരുന്നു. സ്‌കൂട്ടര്‍ ഇടിച്ചിട്ട സമയത്ത് പരുക്കേറ്റ കുഞ്ഞുമോള്‍ കാറിനടിയിലായിരുന്നു. നാട്ടുകാര്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ അത് കൂസാതെ മുന്നോട്ട് എടുത്തപ്പോഴാണ് കുഞ്ഞുമോളുടെ ദേഹത്ത് കാര്‍ കയറിയിറങ്ങിയത്. സുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടി കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടാക്കിയത് എന്നാണ് പുറത്തുവരുന്ന വിവരം.

അമിതമായി മദ്യപിച്ചിരുന്ന അജ്മല്‍ പിന്നെയും അപകടങ്ങളുണ്ടാക്കി. ഇവിടെനിന്നും 300 മീറ്റര്‍ അകലെ വെച്ച് മറ്റൊരു വാഹനത്തെ ഇടിക്കാന്‍ ശ്രമിച്ചു. വെട്ടിച്ച് മാറ്റിയപ്പോള്‍ സമീപത്തെ മതില്‍ തകര്‍ത്തു. മറ്റ് രണ്ട് വാഹനങ്ങളിലും ഇടിച്ചു. കരുനാഗപ്പളളിയില്‍ വെച്ച് പോസ്റ്റില്‍ ഇടിച്ച് വാഹനം നിന്നതോടെ ഇരുവരും പുറത്തേക്കിറങ്ങിയോടി. ഇതോടെയാണ് ശ്രീക്കുട്ടിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അജ്മല്‍ അപ്പോള്‍ രക്ഷപ്പെടുകയായിരുന്നു.

Comments (0)
Add Comment