കൊവിഡ് ബാധിച്ച് മാഹി സ്വദേശി മരിച്ചു

Jaihind News Bureau
Saturday, April 11, 2020

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെറുകല്ലായി സ്വദേശി മഹറൂഫ് (71) ആണ് മരിച്ചത്. ഇയാൾക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന കാര്യം വ്യക്തമല്ല.

മാര്‍ച്ച് 23ന് നേരിയ പനിയും തൊണ്ടവേദനയും അനുഭവപ്പെട്ട ഇദ്ദേഹം, 26ന് മരുമകനും അമ്മാവന്‍റെ മകനുമൊപ്പം തലശേരിയിലെ ടെലിമെഡിക്കല്‍ സെന്‍ററിലെത്തി ഡോക്ടറെ കണ്ടു. അന്ന് വീട്ടിലേക്ക് മടങ്ങി. 31ന് ശ്വാസതടസം അനുഭവപ്പെട്ട ഇദ്ദേഹം രാവിലെ 11 മണിക്ക് തലശേരി ടെലിമെഡിക്കല്‍ സെന്‍ററിലെത്തി ഐ.സി.യുവില്‍ അഡ്മിറ്റായി. അസുഖം മൂര്‍ഛിച്ചതോടെ അന്നു വൈകുന്നേരം 4 മണിക്ക് കണ്ണൂരിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ ആറിന് ആണ് സ്രവപരിശോധനയ്ക്ക് വിധേയനായത്. ഇവിടെ വെച്ച് അദ്ദേഹത്തിന് കൊറോണ ബാധ സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. വൃക്കരോഗവും ഹൃദ്രോഗവും ഉള്ളയാളായിരുന്നു മഹറൂഫ്. ഇന്ന് രാവിലെ 7.3 ഓടെയാണ് മരിച്ചത്.

ഇദ്ദേഹത്തിന്‍റെ സമ്പർക്കപ്പട്ടികയിൽ നൂറിലധികം ആളുകളുണ്ട്. അദ്ദേഹം പള്ളിയിൽ പോകുകയും കല്യാണ നിശ്ചയ ചടങ്ങിലും പങ്കെടുത്തിട്ടുണ്ട്. ഇയാൾ ന്യൂ മാഹി, പന്ന്യന്നൂർ, ചൊക്ലി എന്നീ പഞ്ചായത്തുകളിലേക്ക് യാത്ര നടത്തിയിരുന്നു. അതേസമയം ഹൃദ്രോഗിയും, പനി ബാധിതനും ആയിരുന്നിട്ടും ഇദ്ദേഹത്തിന്‍റെ സ്രവ പരിശോധന 6 ദിവസം വൈകിയാണ് നടന്നത്.