മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പുനഃക്രമീകരിക്കണം:രാജ്മോഹൻ ഉണ്ണിത്താൻ എം പി

Jaihind News Bureau
Tuesday, September 22, 2020

 

ന്യൂഡല്‍ഹി: ഇന്ത്യ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ദരിദ്ര ജനവിഭാഗങ്ങൾക്ക് തൊഴിലവസരങ്ങൾ നൽകുന്ന മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പുനഃക്രമീകരിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി പാർലമെന്‍റിൽ ആവശ്യപ്പെട്ടു. 2019-20 സാമ്പത്തിക വർഷത്തിൽ 578 ലക്ഷം ഗൃഹങ്ങളാണ് ഈ പദ്ധതിക്ക് കീഴിൽ തൊഴിൽ ആവശ്യപ്പെട്ടത്. എന്നാൽ ഈ പദ്ധതി പ്രകാരം 512 ലക്ഷം ഗൃഹങ്ങൾക്ക് മാത്രമാണ് തൊഴിൽ നൽകാൻ സാധിച്ചത്. പ്രധാനപ്പെട്ട 12 സംസ്ഥാനങ്ങളിൽ നിയമപ്രകാരം അവിദഗ്ധ തൊഴിലാളികൾക്ക് നൽകേണ്ട മിനിമം കൂലിയുടെ 50 ശതമാനം മുതൽ 75 ശതമാനം വരെ മാത്രമാണ് തൊഴിലുറപ്പ് പദ്ധതിയുടെ കൂലിയായി നൽകുന്നത്. ഇതിന് മാറ്റം വരേണ്ടതുണ്ട്. നിലവിൽ ഒരു വർഷം 100 തൊഴിൽ ദിനങ്ങൾ എന്നുള്ളത്, ഏറ്റവും ചുരുങ്ങിയത് 200 തൊഴിൽ ദിനങ്ങളെങ്കിലും ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം നൽകണമെന്നും, കൂലിയായി അവിദഗ്ധ തൊഴിലാളികൾക്ക് നിയമപരമായി നിർദ്ദേശിക്കപ്പെട്ട മിനിമം വേതനം തന്നെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി 3,13741 കോടി രൂപ മാറ്റി വെക്കേണ്ടി വരും. അത് ജിഡിപിയുടെ 1.4 ശതമാനമാണ്. അത്യന്തം അസാധാരണമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ, ഗ്രാമീണ ഭാരതത്തിന് ജീവൻ നിലനിർത്താൻ ഇത്തരത്തിലുള്ള നിർണായക തീരുമാനങ്ങൾ എടുക്കേണ്ടത് ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു ജനാധിപത്യ ഭരണകൂടത്തിന്‍റെ ഉത്തരവാദിത്വമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ എം പി ലോക്സഭയിൽ ശൂന്യവേളയിൽ സംസാരിക്കവെ പ്രസ്താവിച്ചു.