നവോത്ഥാന നഭസില്‍ സൂര്യതേജസോടെ മഹാത്മാ അയ്യങ്കാളി; ഇന്ന് 161-ാം ജയന്തി ആഘോഷം

 

കേരളത്തിൽ നടമാടിയിരുന്ന ജാതിഭ്രാന്തിനും അസമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയ സാമൂഹ്യ പരിഷ്‌കർത്താവ് അയ്യങ്കാളിയുടെ ജന്മദിനമാണ് ഇന്ന്. അവഗണിക്കപ്പെട്ട അവശ ജനവിഭാഗങ്ങളെ സമൂഹത്തിന്‍റെ മുഖ്യധാരയിൽ ഇണക്കിച്ചേർക്കുന്നതിനു വേണ്ടി അഹോരാത്രം അധ്വാനിച്ച നവോത്ഥാന നായകരിലെ പ്രമുഖനാണ് മഹാത്മാ അയ്യങ്കാളി. നവോത്ഥാന നക്ഷത്രത്തിന്‍റെ 161-ാം ജയന്തി ആഘോഷ നിറവിലാണ് കേരളം.

അടിസ്ഥാന ജനവർഗത്തിന്‍റെ സമര സാരഥി, സാസ്‌കാരിക നവേത്ഥാനത്തിന്‍റെ നേർ അവകാശി, ജാതിയിരുട്ടിന്‍റെ അനീതിയെ വെല്ലുവിളിച്ചുകൊണ്ട് മനുഷ്യാവകാശത്തിനു വേണ്ടിയുള്ള ഐതിഹാസികമായ ഒട്ടേറെ പ്രക്ഷോഭങ്ങൾ നയിച്ച വിപ്ലവകാരി. കേരള ചരിത്രത്തിൽ ഇത്തരത്തിലുള്ള ഒട്ടേറെ വിശേഷണങ്ങൾ അടയാളപ്പെടുത്തിയ നേതാവാണ് മഹാത്മാ അയ്യങ്കാളി. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ എന്ന ഗ്രാമത്തിൽ പെരുങ്കാറ്റുവിളയിലെ പ്ലാവറ വീട്ടിൽ 1863 ഓഗസ്റ്റ് 28-ന് അയ്യൻ-മാല ദമ്പതികളുടെ മകനായാണ് അയ്യങ്കാളി ജനിച്ചത്. അയ്യങ്കാളി ഉൾപ്പെടുന്ന പുലയ സമുദായം അക്കാലത്ത് എല്ലാതരത്തിലും പിന്നാക്കാവസ്ഥയാലായിരുന്നു. അയിത്താചാരം മൂലം റോഡിലൂടെ നടക്കാനും വസ്ത്രം ധരിക്കാനും വിദ്യ നേടുന്നതിനും ഇവർക്ക് അവകാശമുണ്ടായിരുന്നില്ല. സവർണർക്കു മാത്രം സഞ്ചരിക്കാവുന്ന രാജപാതയിൽ വില്ലുവണ്ടിയിൽ യാത്ര ചെയ്ത അയ്യങ്കാളി എന്ന ചെറുപ്പക്കാരൻ കാളകളെ തെളിച്ചുനീങ്ങിയത് ചരിത്രത്തിലേക്ക് കൂടിയായിരുന്നു. 1893-ൽ നടത്തിയ വില്ലുവണ്ടിയാത്ര സവർണാധിപത്യത്തിന്‍റെ കാട്ടുനീതിക്കെതിരെയുള്ള കാഹളം മുഴക്കലായിരുന്നു.

കല്ലുമാല സമരവും പെരിനാട് സമരവുമെല്ലാം അയ്യങ്കാളി നടത്തിയിട്ടുള്ള ചരിത്ര സമരങ്ങളായിരുന്നു. അയ്യങ്കാളിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അധഃസ്ഥിതരായ സ്ത്രീകൾ കല്ലുമാല പൊട്ടിച്ചെറിയാനും മാറു മറയ്ക്കാനും വേണ്ടി നടത്തിയ പ്രക്ഷോഭം കേരള ചരിത്രത്തിന്‍റെ ഭാഗമാണ്. അടിച്ചമർത്തപ്പെട്ട, നീതി നിഷേധിക്കപ്പെട്ട മനുഷ്യരുടെ ശബ്ദമായിരുന്നു അയ്യങ്കാളി. നൂറ്റാണ്ടുകൾ എത്ര കഴിഞ്ഞാലും ലോകത്ത് എവിടെയൊക്കെ മനുഷ്യൻ അരികുചേർക്കപ്പെടുന്നുവോ അവിടെയൊക്കെ അയ്യങ്കാളി മുഴക്കിയ ശബ്ദം മുഴങ്ങിക്കൊണ്ടേയിരിക്കും.

Comments (0)
Add Comment