പെട്രോൾ വിലവർധനയിൽ മൗനം പാലിക്കുന്ന അമിതാഭ് ബച്ചനും അക്ഷയ്ക്കും എതിരെ പ്രതിഷേധവുമായി കോൺഗ്രസ്

Jaihind News Bureau
Thursday, February 18, 2021

പെട്രോൾ, ഡീസൽ വില കുതിച്ചുയർന്നിട്ടും പ്രതികരിക്കാൻ തയാറാകാത്തതിൽ പ്രമുഖ അഭിനേതാക്കളായ അമിതാഭ് ബച്ചനും, അക്ഷയ് കുമാറിനും എതിരെ കോണ്‍ഗ്രസ്. ഇരുവരുടെയും സിനിമ ഷൂട്ടിങ്ങ് സ്ഥലത്തേക്ക് കോണ്‍ഗ്രസ് പ്രതിഷേധപ്രകടനം നടത്തുമെന്ന് സംസ്ഥാന അധ്യക്ഷൻ നാന പടോളിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

മുന്‍ സർക്കാരുകളുടെ കാലത്ത് ഇന്ധനവില വർധനയ്ക്കെതിരെ പ്രതിഷേധിച്ച അമിതാഭ് ബച്ചനും അക്ഷയ് കുമാറും ഇപ്പോള്‍ പ്രതികരിക്കാത്തത് അവരുടെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നതെന്നും മോദിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ ശബ്ദിക്കാൻ ഇവർക്ക് ഭയമാണെന്നും നാന പടോൾ പറഞ്ഞു. മോദി സർക്കാരിന്‍റെ രാജ്യവിരുദ്ധ നയങ്ങൾക്കെതിരെ പ്രതികരിക്കാൻ തയാറായില്ലെങ്കിൽ സിനിമ ചിത്രീകരണത്തിന് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.