മഹാരാഷ്ട്രയിൽ നാടകങ്ങള്‍ പലത് കളിച്ചിട്ടും ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ ബി ജെ പിയിൽ പൊട്ടിത്തെറി. അജിത്ത് പവാറിനെ കൂടെക്കൂട്ടി സർക്കാർ ഉണ്ടാക്കിയ ദേവേന്ദ്ര ഫഡ്നാവിസിനെ വിമർശിച്ച് ബി ജെ പി നേതാവ് ഏകനാഥ് ഖഡ്സെ രംഗത്ത് വന്നു. മുതിർന്ന നേതക്കളുടെ ഭാഗത്ത് നിന്നും സമാനമായ പൊട്ടിത്തെറികൾ വരും ദിവസങ്ങളിലും ഉണ്ടാകാനാണ് സാധ്യത.
ഇരുട്ടിൻറെ മറവില്‍ മുഖ്യമന്ത്രിയായി 80 മണിക്കൂറിനകം സ്ഥാനം ഒഴിയേണ്ടി വന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ മാറ്റാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പാതിരാ നാടകം ബിജെപിക്കും ഗവര്‍ണര്‍ കോഷിയാരിക്കും മുഖം നഷ്ടമാക്കിയ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കത്തിന് ആലോചന നടക്കുന്നത്.
താന്‍ നിയമിച്ച ബിജെപി സര്‍ക്കാര്‍ ഭൂരിപക്ഷം ഇല്ലെന്ന് ബോധ്യപ്പെട്ട് പുറത്തുപോയ സാഹചര്യത്തിലും, നടപടി വിവാദമായ പശ്ചാത്തലത്തിലും പ്രതിപക്ഷ സഖ്യത്തിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ഒഴിവാക്കണമെന്ന ആഗ്രഹം കോഷിയേരിക്കും ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
മഹാരാഷ്ട്രയില്‍ പ്രതീക്ഷിച്ച വിജയം ബി.ജെ.പിക്ക് ഉണ്ടായിരുന്നില്ല. കൂടാതെ സഖ്യകക്ഷിയായ ശിവസേനയെ പിണക്കി ഭരണം അവരുടെ കൈയില്‍ എത്തിച്ചതിൻറെ പൂർണ്ണ ഉത്തരവാദിത്തം ഫഡ്നാവിസിനാണെന്നാണ് മഹാരാഷ്ട്ര ബി.ജെ.പിയിലെ മറ്റ് നേതാക്കളുടെ പക്ഷം. ഇരുട്ടിൻറെ മറവില്‍ അജിത് പവാറിനെ കൂട്ടുപിടിച്ച് മുഖ്യമന്ത്രിയായതും അജിത് പവാറിൻെറ അഴിമതി കേസുകള്‍ തള്ളിയതും ഒക്കെ ഇത്രയും കാലം ജനങ്ങളോട് പറഞ്ഞിരുന്നതിന് എതിരാണെന്നാണ് ഫഡ്നാവിസ് വിരുദ്ധരുടെ പക്ഷം. അഴിമതി വിരുദ്ധതയെന്ന് ബി.ജെ.പിയുടെ നാടകം മാത്രമാണെന്ന് സാധരണക്കാർക്ക് വെളിവായതിന് ഫഡ്നാവിസിനുമേല്‍ പഴിചാരുകയാണ് ബി.ജെ.പി നേതൃത്വം.