ലോക്ക്ഡൗണിനിടെ പിറന്നാളാഘോഷം;ഭക്ഷ്യധാന്യവിതരണം നടത്തിയ ബിജെപിഎംഎല്‍എയുടെ നടപടി വിവാദത്തില്‍

Jaihind News Bureau
Monday, April 6, 2020

പിറന്നാളാഘോഷത്തിന്‍റെ ഭാഗമായി ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ബിജെപി എംഎല്‍എ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തത് വിവാദത്തില്‍. മഹാരാഷ്ട്രയിലെ വാർധ ജില്ലയിൽ നിന്നുള്ള ബിജെപി എം‌എൽ‌എ ദാദാറാവു കേച്ചെ ആണ് വിവാദത്തില്‍ പെട്ടത്. തന്‍റെ വസതിക്ക് മുന്നിൽ നൂറോളം പേര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്ത് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടെ പാലിക്കേണ്ട എല്ലാ മാനദണ്ഡങ്ങളും അവഗണിച്ച് നടത്തിയ പരിപാടിക്കായി എം‌എൽ‌എ ഭരണകൂടത്തിന്‍റെ അനുമതി വാങ്ങിയിട്ടില്ലെന്ന് സബ് ഡിവിഷണല്‍ ഓഫീസര്‍ ഹരീഷ് ധാര്‍മിക് പറഞ്ഞു. എപിഡെമിക് ഡിസിസസ് ആക്ട് പ്രകാരമുള്ള നിയമനടപടി ദാദാറാവു നേരിടേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു.

വിതരണം സൗജന്യമായിരുന്നതിനാല്‍ നൂറോളം പേര്‍ എംഎല്‍എയുടെ വീടിന് മുന്നില്‍ കൂടിയിരുന്നു. വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്തെത്തി ജനങ്ങളെ പിരിച്ചു വിട്ടു. എന്നാല്‍ തനിക്കെതിരെയുള്ള രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണിതെന്നും ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നുമാണ് എംഎല്‍എയുടെ പ്രതികരണം.