തൃശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോണ്‍ഗ്രസിന്‍റെ മഹാസമ്മേളനം ഇന്ന് തൃശൂരില്‍ തുടക്കം കുറിക്കുന്നു. വൈകിട്ട് മൂന്ന് മണിക്ക് തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന മഹാജന സഭ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി അധ്യക്ഷത വഹിക്കും.
തൃശൂരില്‍ കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുകയാണ്. സമ്മേളനത്തോടെ തെരഞ്ഞെടുപ്പ് പോരിലേക്ക് അണികളെ സജ്ജമാക്കാനാവുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. കെപിസിസിയുടെ സമരാഗ്നി ജാഥ കാസര്‍ഗോഡുനിന്നും അടുത്ത വെള്ളിയാഴ്ച ആരംഭിക്കും. സംസ്ഥാനത്തെ 25 177 ബൂത്തുകളിൽ നിന്നും ബൂത്ത് പ്രസിഡന്‍റുമാർ വനിതാ വൈസ് പ്രസിഡൻ്റുമാർ ബിഎല്‍എമാർ തുടങ്ങി മൂന്ന് പേരടങ്ങുന്ന 75000 പ്രവർത്തകരും മണ്ഡലം തലം മുതൽ എഐസിസി തലം വരെയുള്ള കേരളത്തിലെ ഭാരവാസികളും അടക്കം ഒരു ലക്ഷത്തിലധികം നേതാക്കളാകും മഹാജന സഭയിൽ പങ്കെടുക്കുക. ബൂത്ത് ശാക്തികരണത്തിലൂടെ കോൺഗ്രസിൻ്റെ പ്രവർത്തനത്തിന് അടിമുടി മാറ്റം കൊണ്ടുവരാനും എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാഹുൽ ഗാന്ധി സോണിയാ ഗാന്ധി തുടങ്ങിയ നേതാക്കളുടെ കരങ്ങൾക്ക് ശക്തി പകരാനുമുള്ള ജനസമ്മേളനത്തിനാണ് തൃശൂരിലെ തേക്കിൻകാട് മൈതാനി സാക്ഷ്യം വഹിക്കാൻ പോകുന്നത്.
ബൂത്ത് തലം വരെയുള്ള ഭാരവാഹികളുമായി ഓൾ ഇന്ത്യ കോൺഗ്രസ് കമ്മറ്റി അദ്ധ്യക്ഷൻ നേരിട്ട് സംവദിക്കുന്നു എന്നതാണ് ജന സഭയുടെ പ്രത്യേകത. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹഭരണത്തിനെതിരായ കാഹളം മുഴങ്ങൽ കൂടിയാകും സമ്മേളനം. എല്ലാ ജില്ലകളിൽ നിന്നുമുള്ള പാർട്ടി പ്രവർത്തകരെ സ്വീകരിക്കാനുള്ള ക്രമീകരണം കെ പി സി സി സജ്ജമാക്കിയിട്ടുണ്ട്. കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ എം പി യുടെ അദ്ധ്യക്ഷതയിൽ കൂടുന്ന മഹാ സഭയിൽ എഐസിസി ജന:സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജന:സെക്രട്ടറി ദീപാ ദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂർ എംപി, കൊടിക്കുന്നിൽ സുരേഷ്, യുഡിഎഫ് കൺവീനർ എം എം ഹസൻ, കെ പി സി സി പ്രചാരണ സമിതി ചെയർമാൻ കെ മുരളീധരൻ എം പി, തുടങ്ങി എ ഐ സി സി , കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ, ഡിസിസി പ്രസിഡൻ്റ് മാർ, എംപിമാർ, എം എൽ എ മാർ, തുടങ്ങിയ വലിയ നേതൃ നിരയാകും ഉണ്ടാകുക.