മാടമ്പ് കുഞ്ഞുകുട്ടന് വിട നൽകി സാംസ്കാരിക കേരളം

Jaihind Webdesk
Tuesday, May 11, 2021

 

തൃശൂർ : മാടമ്പ് കുഞ്ഞുകുട്ടന് സാംസ്കാരിക കേരളം വിട നൽകി. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ തൃശൂർ കിരാലൂരിലെ വീട്ടുവളപ്പിൽ നടന്നു. കൊവിഡ് ബാധയെ തുടർന്ന് ഇന്ന് രാവിലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് സംസ്ക്കാര ചടങ്ങുകൾ നടന്നത്.  മാടമ്പിന്റെ സഹോദരൻ ചിത്രഭാനു നമ്പൂതിരി അന്ത്യകർമങ്ങൾ നിർവഹിച്ചു. പൊലീസ് സേനാംഗങ്ങൾ ഔദ്യോഗിക ബഹുമതികൾ അർപ്പിച്ചു.

മാടമ്പ് കുഞ്ഞുകുട്ടൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന മാടമ്പ് ശങ്കരൻ നമ്പൂതിരി 1941ല്‍ തൃശൂർ ജില്ലയിലെ കിരാലൂർ എന്ന ഗ്രാമത്തിലാണ് ജനിച്ചത്. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, അധ്യാപകൻ, നടൻ എന്നീ നിലകളിൽ പ്രശസ്തനായി. ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് 2000 ൽ മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരവും നേടിയിട്ടുണ്ട്.

അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്നമസ്തു, ഭ്രഷ്ട്, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം, ആര്യാവർത്തം, അമൃതസ്യ പുത്രഃ എന്നിവയാണ് പ്രധാന നോവലുകൾ. മകൾക്ക്, ഗൗരീശങ്കരം, സഫലം, കരുണം, ദേശാടനം എന്നീ ചിത്രങ്ങൾക്ക് മാടമ്പ് തിരക്കഥ രചിച്ചു.  ആറാം തമ്പുരാൻ, വടക്കുംനാഥൻ, പോത്തൻ വാവ ദേശാടനം, കരുണം, പരിണയം തുടങ്ങി നിരവധി ചിത്രങ്ങളിലും വേഷമിട്ടു.