‘മാ നിഷാദ’ ഏകദിന ഉപവാസം സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധക്കടലായി

Jaihind News Bureau
Monday, November 4, 2019

വാളയാര്‍ ഇരട്ടക്കൊലക്കേസ് സി.ബി.ഐ അന്വേഷിക്കുക, അന്വേഷണം അട്ടിമറിച്ചവരെ പ്രോസിക്യൂട്ട് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിച്ച ഏകദിന ഉപവാസം ‘മാ നിഷാദ’ പ്രതിഷേധക്കടലായി. വൻ ജനപങ്കാളിത്തമാണ് ഉപവാസ സമരത്തിലുണ്ടായത്. പാലക്കാട്‌ കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തിന് സമീപം രാവിലെ ഒൻപത് മുതൽ വൈകീട്ട് ആറു വരെയായിരുന്നു ഉപവാസ സമരം.

പാലക്കാട് കോട്ടമൈതാനത്തെ ചരിത്ര പ്രസിദ്ധമായ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ഉപവാസ സമരം ആരംഭിച്ചത്. എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ സമരം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാൻ അർഹനല്ല എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. കരുണയുടെ ഒരു കണിക പോലും മുഖ്യമന്ത്രിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇടത്പക്ഷ സർക്കാർ കൊലപാതകികളുടേയും കുറ്റവാളികളുടേയും സംരക്ഷകരാണ് എന്ന് സമാപന യോഗം ഉദ്‌ഘാടനം ചെയ്ത് കൊണ്ടു വി.എം സുധീരൻ പറഞ്ഞു. വാളയാർ ദുരന്തം കേരളത്തിലെ നീതിന്യായ വ്യവസ്ഥയുടെ തകർച്ചയാണ്. സ്ത്രീ സുരക്ഷയുടെ പേര് പറഞ്ഞ് അധികാരത്തിൽ വന്നവർ സ്വന്തക്കാർക്ക് വേണ്ടി സ്ത്രീ പീഡകരെ സംരക്ഷിക്കുന്നു എന്നും സുധീരൻ പറഞ്ഞു.

സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കെ. എസ്. യു, യൂത്ത് കോൺഗ്രസ്, ഐഎൻടിയുസി, കെപിസിസി ഒബിസി ഡിപ്പാർട്മെന്റ്, മുസ്ലിം ലീഗ് തുടങ്ങി ഒട്ടേറെ പോഷക സംഘടനകളും സമരപന്തലിൽ അഭിവാദ്യമർപ്പിച്ചു എത്തി. പെണ്കുട്ടികളടക്കം നിരവധി വിദ്യാർത്ഥികളും കലാകാരന്മാരും, സാംസ്‌കാരിക പ്രവർത്തകരും സമരത്തിൽ പങ്കെടുത്തു. ഡിസിസി പ്രസിഡന്റും എംപിയുമായ വി. കെ ശ്രീകണ്ഠൻ അധ്യക്ഷത വഹിച്ചു. രമ്യാ ഹരിദാസ് എംപി, എംഎൽമാരായ പി. ടി തോമസ്, ഷാഫി പറമ്പിൽ, വി. ടി ബൽറാം, മുൻ മഹാരാഷ്ട്ര ഗവർണ്ണർ കെ.ശങ്കരനാരായണൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ. പി അനിൽ കുമാർ, സജി ജോസഫ്, കോഴിക്കോട് ഡിസിസി പ്രസിഡന്റ്‌ ടി. സിദ്ധിക്ക് തുടങ്ങി ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രസംഗിച്ചു.